പരാതിക്കാരനെ വിലങ്ങു വെച്ച് കൈവരിയില്‍ കെട്ടി നിര്‍ത്തി മര്‍ദ്ദിച്ച സംഭവം : തെന്മല സിഐക്കെതിരെ നടപടി ; സസ്‌പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തി മർദ്ദിച്ചത് കാടത്തമാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി : പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ആളെ വിലങ്ങു വെച്ച് കൈവരിയില്‍ കെട്ടി നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ തെന്‍മല സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനെ സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. 

തെന്മല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് ഇന്ദിരാനഗറില്‍ രജനീവിലാസത്തില്‍ രാജീവിനാണ് ദുരനുഭവം നേരിട്ടത്. ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതിന് പരാതി നല്‍കാനാണ് ഫെബ്രുവരി മൂന്നിന് രാജീവ് സ്റ്റേഷനിലെത്തിയത്. 

പരാതിക്ക് നോട്ടീസ് ചോദിച്ചതിന് സിഐ വിശ്വംഭരന്‍ ആദ്യം ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും  പിന്നീട് വിലങ്ങ് അണിയിച്ച് തടഞ്ഞുവെച്ച് രാജിവിന്റെ കരണത്ത് അടിക്കുകയും ചെയ്തിരുന്നു. അമ്മയേയും സഹോദരനേയും വിളിച്ചുവരുത്തിയാണ് പിന്നീട് രാജീവിനെ വിട്ടയച്ചത്. 

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ, ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് രാജീവിനെ കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. സംഭവം വിവാദമായതോടെ, കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ എസ്പി ആവശ്യപ്പെട്ടു. ആരോപണം ശരിവെച്ച് ഡിവൈഎസ്പി മെയ് മാസം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിഐ വിശ്വംഭരനും കൂട്ടുനിന്ന എസ്‌ഐ ശാലുവിനുമെതിരെ ഒരു നടപടിയുമുണ്ടായില്ല. 

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി രാജീവ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പരാതി നല്‍കാനെത്തിയ ആളെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തിയത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാടത്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ആരോപണവിധേയരായ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനും കൂട്ടുനിന്ന എസ് ഐ ശാലുവും സര്‍വീസില്‍ തുടരുന്നത് ഞെട്ടിപ്പിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു.

മേയ് 25ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. കേസ് മാസം 22 ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തെന്മല സിഐക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com