കപ്പലണ്ടിക്ക് 'എരിവ്' പോരാ!, കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല്

മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരും അടങ്ങിയ കുടുംബമാണ് ബീച്ചിലെത്തിയത്
കൊല്ലം ബീച്ചിലുണ്ടായ സംഘര്‍ഷം / ഫെയ്‌സ്ബുക്ക് ചിത്രം
കൊല്ലം ബീച്ചിലുണ്ടായ സംഘര്‍ഷം / ഫെയ്‌സ്ബുക്ക് ചിത്രം

കൊല്ലം : കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ചില്‍ സംഘര്‍ഷം. ബീച്ച് സന്ദര്‍ശിക്കാനെത്തിയ കുടുംബവും കച്ചവടക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കിളിമാനൂരില്‍ നിന്നെത്തിയ കുടുംബവും കച്ചവടക്കാരുമാണ് ബീച്ചില്‍ ഏറ്റുമുട്ടിയത്.

മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരും അടങ്ങിയ കുടുംബമാണ് ബുധനാഴ്ച വൈകീട്ട് ബീച്ചിലെത്തിയത്. ബീച്ചിനുസമീപത്തെ കടയില്‍നിന്ന് ഇവര്‍ കപ്പലണ്ടി വാങ്ങി. കപ്പലണ്ടിക്ക് എരിവു കുറവാണെന്ന് പറഞ്ഞ് തിരികെ നല്‍കി. കോവിഡ് കാലമായതിനാല്‍ കപ്പലണ്ടി തിരികെ വാങ്ങാനാവില്ലെന്ന് കച്ചവടക്കാരന്‍ പറഞ്ഞു. 

ക്ഷുഭിതനായ യുവാവ് കച്ചവടക്കാരന്റെ മുഖത്തേക്ക് കപ്പലണ്ടി വലിച്ചെറിയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ അടുത്തുള്ള കച്ചവടക്കാരും തര്‍ക്കത്തില്‍ ഇടപെട്ടു. നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.

സംഘര്‍ഷത്തില്‍ കിളിമാനൂര്‍ സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കും ഐസ്‌ക്രീം കച്ചവടക്കാരനും അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി. ഏറെ പണിപ്പെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. കേസെടുത്ത് ഇരുകൂട്ടരെയും സ്‌റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com