പൊന്നാപുരംകോട്ട തിരിച്ചുപിടിക്കാന്‍ മുനീര്‍, വികസനക്കരുത്തില്‍ കാരാട്ട് ; സ്വര്‍ണ നഗരിയില്‍ തിളക്കം ആര്‍ക്ക് ?

ലീഗിന്റെ ഉറച്ച കോട്ടയെന്നാണ് കൊടുവള്ളി അറിയപ്പെട്ടിരുന്നത്. ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് കൊടുവള്ളി ഇടത്തോട്ടു ചാഞ്ഞത്
പൊന്നാപുരംകോട്ട തിരിച്ചുപിടിക്കാന്‍ മുനീര്‍, വികസനക്കരുത്തില്‍ കാരാട്ട് ; സ്വര്‍ണ നഗരിയില്‍ തിളക്കം ആര്‍ക്ക് ?

ആരായാലും ഒരു എംഎല്‍എ തോല്‍ക്കും, അത് ആരെന്ന കാര്യം മനസ്സിലൊളിപ്പിച്ച് സസ്‌പെന്‍സ് കാത്തുസൂക്ഷിക്കുകയാണ് കൊടുവള്ളിക്കാര്‍. സ്വര്‍ണ നഗരിയില്‍ പത്തരമാറ്റ് തിളക്കം ആര്‍ക്കെന്നറിയാന്‍ മുന്നണികള്‍ പൊരിഞ്ഞ പോരാട്ടത്തിലാണ്. ഇടക്കാലത്ത് കൈമോശം വന്ന ഉരുക്കുകോട്ട തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കരുത്തനായ എം കെ മുനീറാണ് യുഡിഎഫിനായി മല്‍സരരംഗത്തുള്ളത്. 

വികസന നേട്ടവും നാട്ടുകാരനെന്ന പ്രാദേശിക വികാരവും ഉലയൂതിയാണ് ഇടതുമുന്നണിയുടെ പ്രചാരണം. സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ്, ക്ഷേമപെന്‍ഷന്‍ എന്നിവയും വോട്ടായി മാറുമെന്ന പ്രതീക്ഷ ഇടതു ക്യാമ്പ് പുലര്‍ത്തുന്നു. 

കാരാട്ട് റസാഖ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌
കാരാട്ട് റസാഖ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക്‌

വഴുതിപ്പോകാതെ കാക്കാന്‍

കഴിഞ്ഞ നേരിയ ഭൂരിപക്ഷത്തിന് നേടിയ മണ്ഡലം ഇടതുപക്ഷത്ത് തന്നെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരാട്ട് റസാഖ് രണ്ടാമൂഴത്തിനിറങ്ങിയിരിക്കുന്നത്. 1200 കോടിയോളം രൂപയുടെ വികസനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ താന്‍ നടപ്പിലാക്കിയത്. നാട്ടുകാരനായ സ്ഥാനാര്‍ത്ഥി എന്നതും നേട്ടമാകുമെന്ന് കാരാട്ട് റസാഖ് കണക്കുകൂട്ടുന്നു. 

2016 ല്‍ ലീഗിന്റെ എം എ റസാഖിനെ വെറും 573 വോട്ടിന് തോല്‍പ്പിച്ചാണ് കാരാട്ട് റസാഖ് നിയമസഭയിലെത്തുന്നത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തുവന്ന കാരാട്ട് റസാഖിനെ ഇടതുപക്ഷം പിന്താങ്ങുകയായിരുന്നു. ലീഗിലെയും യുഡിഎഫിലെയും അസംതൃപ്തരുടെ വോട്ടു കൂടി നേടാനായതോടെ അപ്രതീക്ഷിത അട്ടിമറിയാണ് കാരാട്ട് റസാഖ് നടത്തിയത്. 

കോട്ട തിരികെ പിടിക്കാന്‍ 

ലീഗ് കോട്ട തിരികെപിടിക്കാന്‍ കോഴിക്കോട്ട് സൗത്തില്‍ നിന്നാണ് എംകെ മുനീര്‍ കൊടുവള്ളിയിലെത്തിയിരിക്കുന്നത്. സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എന്ന പരിവേഷവും മുനീറിന് തുണയാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. സിഎച്ചിന് കൊടുവള്ളിയുമായുണ്ടായിരുന്ന ബന്ധവും യുഡിഎഫ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നു. 

മുനീറിന്റെ വരവ് തുടക്കത്തില്‍ ചെറിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ലീഗില്‍ ഉയര്‍ന്നത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് യുഡിഎഫ് ഇപ്പോള്‍ മണ്ഡലത്തില്‍ സജീവമാകുന്നത്. 

എംകെ മുനീര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക് ചിത്രം
 

വേരുറപ്പിക്കാന്‍

കൊടുവള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി ബാലസോമനും രംഗത്തുണ്ട്. മണ്ഡലത്തിലെ കോളനികളുടെ പിന്നോക്കാവസ്ഥയാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ദേശീയപാതയ്ക്ക് അരികില്‍ കാണുന്ന വലിയ കെട്ടിടങ്ങളല്ല വികസനം. നൂറിലധികം കോളനികള്‍ മണ്ഡലത്തിലുണ്ട്. കോളനികളുടെ വികസനം, കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടിന്റെ 10 ശതമാനം പോലും വിനിയോഗിച്ചിട്ടില്ലെന്നും ബിജെപി ആരോപിക്കുന്നു. കഴിഞ്ഞ തവണ സിനിമാ സംവിധായകന്‍ അലി അക്ബറാണ് എന്‍ഡിഎക്കായി മല്‍സരിച്ചത്. 

ബാലസോമന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക് ചിത്രം
ബാലസോമന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ / ഫെയ്‌സ്ബുക്ക് ചിത്രം

പച്ചക്കോട്ട


ലീഗിന്റെ ഉറച്ച കോട്ടയെന്നാണ് കൊടുവള്ളി അറിയപ്പെട്ടിരുന്നത്. ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് കൊടുവള്ളി ഇടത്തോട്ടു ചാഞ്ഞത്. രണ്ടും ലീഗില്‍ നിന്നും വിമതരായി മല്‍സരിച്ചവരാണെന്നതും ചരിത്രം. 2006 ല്‍ ഡിഐസി ടിക്കറ്റില്‍ യുഡിഎഫിന് വേണ്ടി മല്‍സരിച്ചത് കെ മുരളീധരനായിരുന്നു. ഇതിനെതിരെ രംഗത്തുവന്ന പിടിഎ റഹീമിനെ ഇടതുപക്ഷം പിന്താങ്ങി. 

അങ്ങനെയാണ് ആദ്യമായി കൊടുവള്ളി ഇടത്തേക്ക് ചായുന്നത്. എന്നാല്‍ 2011 ല്‍ ലീഗിലെ വി എം ഉമ്മര്‍ മണ്ഡലം തിരിച്ചു പിടിച്ചു. എന്നാല്‍ 2016 ല്‍ ലീഗിലെ പടലപ്പിണക്കത്തില്‍ കൊടുവള്ളി  വീണ്ടും ഇടതുപക്ഷത്തെത്തി.

1957 ല്‍ രൂപീകരിച്ച കൊടുവള്ളി ആദ്യത്തെ 10 കൊല്ലം കോണ്‍ഗ്രസിനൊപ്പമായിരുന്നു. 1977 ല്‍ ഇ അഹമ്മദിലൂടെ മണ്ഡലം ലീഗിന്റെ കൈകളിലെത്തി. 1977 മുതല്‍ 2006 വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ മാത്രമായിരുന്നു വിജയിച്ചിരുന്നത്. 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭ, താമരശ്ശേരി, ഓമശ്ശേരി, കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ നരിക്കുനി, കട്ടിപ്പാറ പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പമാണ് നിലകൊണ്ടത്. 

എന്നാല്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും കൊടുവള്ളി നഗരസഭയും യുഡിഎഫ് നേടി. ഇതാണ് കോണ്‍ഗ്രസ്-ലീഗ് ക്യാംപിനെ ആവേശത്തിലാക്കുന്നത്. കോണി ചിഹ്നവും പച്ചക്കൊടിയും കൊടുവള്ളിയുടെ ആവേശമാണെന്ന വിശ്വാസവുമുണ്ട്. 

കഴിഞ്ഞ തവണ 11,000 വോട്ടുകളാണ് ബിജെപി നേടിയത്. ഇതില്‍ വര്‍ധന ഉണ്ടാക്കാനാകുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ പുലര്‍ത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com