ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; 11 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്, സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2021 07:42 AM |
Last Updated: 07th April 2021 07:42 AM | A+A A- |
കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മന്‍സൂര്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്
കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ്. സംഘത്തില്‍ ഉള്‍പ്പെട്ട 11 പേരെ കുറിച്ച് വിവരം ലഭിച്ചു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. വെട്ടാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്.
വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹസിനും വെട്ടേറ്റിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഇരുവരേയും വെട്ടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തോരണം കെട്ടുന്നതിനെ ചൊല്ലി തിങ്കളാഴ്ച തര്‍ക്കമുണ്ടായിരുന്നു.