തെക്കന്‍ കേരളം തുണയ്ക്കും; 85 സീറ്റുവരെ കിട്ടുമെന്ന് സിപിഎം വിലയിരുത്തല്‍; മണ്ഡലങ്ങളിലെ സാധ്യതകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2021 10:25 AM  |  

Last Updated: 10th April 2021 10:25 AM  |   A+A-   |  

pinarayiCPM estimates up to 85 seats; Possibilities in constituencies

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനിടെ/ഫയല്‍

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടം എത്തിയപ്പോഴേക്കും മത്സരം കടുത്തെങ്കിലും എണ്‍പതു മുതല്‍ എണ്‍പത്തിയഞ്ചു വരെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താനാവുമെന്ന് സിപിഎം വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍നിന്നായിരിക്കും ഇടതു മുന്നണിക്കു ഭരണത്തുടര്‍ച്ചയ്ക്കു കൂടുതല്‍ പിന്തുണ കിട്ടുകയെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക്. ബിജെപി വോട്ടു വിഹിതത്തില്‍ ഇവിടെ കാര്യമായ കുറവുണ്ടാവും. വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, വര്‍ക്കല, ചിറയിന്‍കീഴ്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, ആറ്റിങ്ങല്‍ സീറ്റുകള്‍ നിലനിര്‍ത്തും. വാമനപുരത്ത് മത്സരം കടുപ്പമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാറശ്ശാല, നെടുമങ്ങാട് വിജയ സാധ്യത കുറവാണെന്നും സിപിഎം വിലയിരുത്തുന്നു. കോവളവും ഈ പട്ടികയിലുണ്ട്. 

കൊല്ലത്ത് കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍, ചാത്തന്നൂര്‍ സീറ്റുകള്‍ ഉറപ്പായും ജയിക്കുന്നവയുടെ പട്ടികയിലാണ്. കുണ്ടറയില്‍ ജെ മെഴ്‌സിക്കുട്ടിയമ്മ അയ്യായിരം വോട്ടിലേറെ ഭൂരിപക്ഷത്തിനു ജയിക്കുമെന്നാണ് ജില്ലാ ഘടകം കണക്കുകൂട്ടുന്നത്. കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാലിന്റെ ലീഡ് 16,000 കടക്കും. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനായിരിക്കും ജില്ലയില്‍ കുടുതല്‍ ഭൂരിപക്ഷം. ഗണേഷ് കുമാര്‍ ചുരുങ്ങിയത് 21,000 വോട്ടിനു ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകള്‍. ചാത്തന്നൂരില്‍ ജിഎസ് ജയലാലിന് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാവുമെന്നും പാര്‍ട്ടി പറയുന്നു. ഇരവിപുരത്ത് ഭൂരിപക്ഷം 18,000 കവിയുമെന്നാണ് പാര്‍ട്ടിയുടെ കണക്ക്. 

കൊല്ലം, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്. കൊല്ലത്ത് മുകേഷ് ജയിക്കുമെന്നാണ് കരുതുന്നതെങ്കിലും ഭൂരിപക്ഷം രണ്ടായിരത്തില്‍ കൂടില്ല. കരുനാഗപ്പള്ളിയില്‍ രാമചന്ദ്രന്‍ അഞ്ഞൂറു വോട്ടില്‍ താഴെ മാത്രം ഭൂരിപക്ഷത്തിനു ജയിച്ചേക്കാമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.  ചവറയില്‍ സുജിത് വിജയന്‍ രണ്ടായിരത്തിലേറെ വോട്ടിന്റെ ലീഡില്‍ ജയിച്ചുകയറും. 

ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലത്തില്‍ മങ്ങിയ പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. തൃശൂര്‍, കോഴിക്കോട് നോര്‍ത്ത്, റാന്നി പോലെയുള്ള മണ്ഡലങ്ങളില്‍ ജയം എളുപ്പമല്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.