ഹെല്‍മെറ്റില്ല; ഡയാലിസിസ് കഴിഞ്ഞുവരവെ പൊലീസ് തടഞ്ഞു, യുവാവ് കുഴഞ്ഞുവീണു; പരാതി

ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ പൊലീസ് വഴിയില്‍ തടഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കായംകുളം: ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ പൊലീസ് വഴിയില്‍ തടഞ്ഞു. അവശനായി ബോധം കെട്ടു വീഴുന്നതു വരെ വിട്ടയച്ചില്ലെന്ന് പരാതി. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ വണ്ടിയില്‍ നിന്നിറക്കി വഴിയില്‍ മാറ്റിനിര്‍ത്തിയെന്നും പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി (23) പരാതിയില്‍ പറയുന്നു.

ഗുരുതരമായ വൃക്കരോഗമുള്ള റാഫി 2 വര്‍ഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു  പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നു മാതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്‌സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞതെന്നു റാഫി പറഞ്ഞു. 

ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പൊലീസ് തടഞ്ഞു. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെല്‍മറ്റിന്റെ ഭാരം താങ്ങാന്‍ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാന്‍ പറഞ്ഞ് ഒരു സിവില്‍ പൊലീസ് ഓഫിസര്‍ തട്ടിക്കയറി. എസ്‌ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാല്‍ മതിയെന്നും പറഞ്ഞു. എസ്‌ഐയോടും കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സിവില്‍ പൊലീസ് ഓഫിസറുടെ പേരു ചോദിച്ചതും ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ടില്ല. 

അപ്പോള്‍ തന്നെ വഴിയില്‍ മാറ്റി നിര്‍ത്തിയെന്നും അവശനായി ബോധംകെട്ടു വീഴുകയായിരുന്നെന്നും റാഫി പറയുന്നു. മാതാവ് റൈഹാനത്തും പൊലീസിനോട് കാര്യം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആരോപണം. 

കെഎസ്യു നേതാവായിരുന്ന റാഫി വൃക്ക തകരാറിനു ചികിത്സിക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ ധനസഹായവാഗ്ദാനവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതു വാര്‍ത്തയായിരുന്നു. വൃക്ക മാറ്റിവയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ ദാതാവ് അപകടത്തില്‍ പെട്ടതോടെ നടപടി നീണ്ടു. സംഭവം സംബന്ധിച്ച്  കായംകുളം ഡിവൈഎസ്പിക്കു റാഫി പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ഡിവൈഎസ്പി അലക്‌സ് ബേബി അറിയിച്ചു. 

ഹെല്‍മറ്റും മാസ്‌കുമില്ലാതെ എത്തിയതിനാണു തടഞ്ഞതെന്നും രോഗവിവരം പറഞ്ഞപ്പോള്‍ പോകാന്‍ അനുവദിച്ചെങ്കിലും റാഫി അവിടെത്തന്നെ ഇരിക്കുകയായിരുന്നെന്ന് ട്രാഫിക് പൊലീസ് അറിയിച്ചതായും ഡിവൈഎസ്പി പറഞ്ഞു. പരിചയമുള്ള ആരോ എത്തി റാഫിയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയെന്നും കുഴഞ്ഞു വീഴുകയോ ഛര്‍ദിക്കുകയോ ചെയ്തില്ലെന്നുമാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com