പൂരം ഐപിഎല്‍ മാതൃകയില്‍, കാണികളെ പൂര്‍ണമായി ഒഴിവാക്കും; ദേശക്കാര്‍ക്ക് തത്സമയം കാണാന്‍ സംവിധാനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാതൃകയില്‍ കാണികളെ പൂര്‍ണമായി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന
ഫയൽ ചിത്രം
ഫയൽ ചിത്രം

തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാതൃകയില്‍ കാണികളെ പൂര്‍ണമായി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. പൂരത്തിന് ചുരുക്കം ചില സംഘാടകര്‍ക്കും ചടങ്ങ് നടത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കും ആനക്കാര്‍ക്കും മേളക്കാര്‍ക്കും മാത്രം പ്രവേശനം അനുവദിക്കാനാണ് ധാരണയായിരിക്കുന്നത്. ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തത്സമയം ദേശക്കാര്‍ക്ക് പൂരം കാണാന്‍ സംവിധാനം ഒരുക്കും. ചടങ്ങുകളില്‍ മാറ്റം വരുത്തില്ല. ഇലഞ്ഞിത്തറ മേളം, മഠത്തില്‍വരവ് ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും പതിവ് പോലെ നടത്തും. ദേവസ്വം പ്രതിനിധികളുമായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തി. ഇക്കാര്യത്തില്‍ വൈകീട്ട് ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും.

പൂരത്തിന് വലിയ ആള്‍ക്കൂട്ടം വന്നാല്‍ അത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൂരം ചടങ്ങുകളടക്കം ഒഴിവാക്കാന്‍ പാടില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ച് വന്നിരുന്ന ദേവസ്വങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി വരുന്ന ചര്‍ച്ചകളില്‍ നിലപാട് മയപ്പെടുത്താന്‍ തയ്യാറാകുന്നതായാണ് സൂചനകള്‍. പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന കാര്യത്തില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാമെന്ന നിര്‍ദേശം ദേവസ്വങ്ങള്‍ അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നേതൃത്വം നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. പൂരം നടത്തിപ്പില്‍ വേണ്ട നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഈ മെഡിക്കല്‍ ബോര്‍ഡിന് നിര്‍ദേശിക്കാം. ആ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചടങ്ങുകള്‍ നടത്താന്‍ ദേവസ്വങ്ങള്‍ തയ്യാറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേവസ്വങ്ങളുമായി പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ നിര്‍ണായകമായ യോഗം നടക്കുന്നത്. ഈ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com