'കുഴല്‍പ്പണം കടത്തിയത് ഞങ്ങളല്ല'; സിപിഎമ്മിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി

കൊടകരയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം തട്ടിയ കേസില്‍ പാര്‍ട്ടിക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍/ടെലിവിഷന്‍ ദൃശ്യം
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍/ടെലിവിഷന്‍ ദൃശ്യം

തൃശൂര്‍: കൊടകരയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം തട്ടിയ കേസില്‍ പാര്‍ട്ടിക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി. കുഴല്‍പ്പണം കൊണ്ടുവന്നത് തങ്ങള്‍ക്കുവേണ്ടിയല്ലെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ പറഞ്ഞു. പ്രചരിക്കുന്നത് അസത്യമായ കാര്യങ്ങളാണ്. ബിജെപിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടി ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും അനീഷ് കുമാര്‍ പറഞ്ഞു. 

പാര്‍ട്ടിയുടെ പണം കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട നേതാക്കളും പ്രവര്‍ത്തകരുമാണ്. അല്ലാതെ കുഴല്‍പ്പണം ഇടപാടുകാരല്ല. അങ്ങനെ ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, ബിജെപിക്ക് അതുമായി ഒരു ബന്ധവുമില്ല. 

പാര്‍ട്ടിയുടെ ഇടപാടുകള്‍ സുതാര്യമാണ്. പാര്‍ട്ടി അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടുകള്‍ നടക്കുന്നത്. കുഴല്‍പ്പണം വഴി പണം കടത്തുന്നത് സിപിഎമ്മിന്റെ ഏര്‍പ്പാടാണ്. സിപിഎം നേതാക്കള്‍ക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കുഴല്‍പ്പണം കൊണ്ടുവന്നത് ബിജെപിക്ക് വേണ്ടിയിട്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. 

കേസില്‍ ഒന്‍പതുപേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളായ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഇവരെക്കൂടി കിട്ടിക്കഴിഞ്ഞാല്‍ ഏത്  രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയാണ് കുഴല്‍പ്പണം കടത്തിയത് എന്ന് വെളിപ്പെടുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com