വീട്ടമ്മയെ വാക്‌സിന്‍ നല്‍കാതെ മടക്കി അയച്ചു; വീട്ടിലെത്തിയപ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് !

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2021 10:25 PM  |  

Last Updated: 03rd August 2021 10:25 PM  |   A+A-   |  

COVID_Vaccine

പ്രതീകാത്മക ചിത്രം

 


കോഴിക്കോട്: അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ച് വാക്‌സിനെടുക്കാനെത്തിയ വീട്ടമ്മയ്ക്ക് വാക്‌സിന്‍ നിഷേധിച്ചെങ്കിലും വീട്ടിലെത്തിയപ്പോള്‍ ആരോഗ്യവകുപ്പ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി നദീറയ്ക്കാണ് വാക്‌സിന്‍ എടുക്കാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. നദീറയുടെ രജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അധികൃതര്‍ തിരിച്ചയച്ചത്. 

വാക്‌സിനേഷനു റജിസ്റ്റര്‍ ചെയ്തപ്പോള്‍ പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് സ്ലോട്ട് ലഭിച്ചത്. മകനോടൊപ്പം ഇരുചക്രവാഹനത്തില്‍ അരക്കിണറില്‍നിന്ന് ചങ്ങരോത്തെത്തിയെങ്കിലും ബുക്കിങ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയച്ചു. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു.

സര്‍ട്ടിഫിക്കറ്റില്‍ തന്റെ പേരും ആധാര്‍ കാര്‍ഡിന്റെ നമ്പറും വാക്‌സീന്റെ പേരുമെല്ലാം കൃത്യമായുണ്ട്. ഇത്ര കൃത്യമായി വിവരങ്ങള്‍ നല്‍കിയെന്നിരിക്കെ എന്തുകൊണ്ടാണു വാക്‌സീന്‍ നല്‍കാതെ മടക്കിയത് എന്ന സംശയത്തിലാണ് നദീറ. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിട്ടും വാക്‌സീന്‍ നല്‍കാതെ തിരിച്ചയച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.