പലചരക്കുകടയ്ക്കു മുന്നിൽ അഞ്ചു പേർ; ഉടമയ്ക്ക് 2000 രൂപ പിഴയിട്ട് പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th August 2021 07:18 AM  |  

Last Updated: 04th August 2021 07:18 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കടയ്ക്കു മുന്നിൽ അഞ്ചു പേർ കൂടി നിന്നതിന് പിഴ ഈടാക്കി പൊലീസ്. കടയുടമയ്ക്ക് 2000 രൂപയാണ് പിഴ ചുമത്തിയത്. പട്രോളിങ്ങിന്റെ ഭാഗമായി എത്തിയപ്പോഴാണ് പൊലീസ് കേസെടുത്ത് പിഴ ചുമത്തിയത്. 

തച്ചനാട്ടുകര പഞ്ചായത്തിലെ ചാമപ്പറമ്പിൽ പലചരക്കുകട നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണു പിഴയിട്ടത്. കടയ്ക്കു സമീപം അഞ്ച് പേർ നിന്നതിനാണു കേസെടുത്തതെന്നും ഇതു താങ്ങാനാവുന്നതല്ലെന്നും അബ്ബാസ് പറഞ്ഞു. കടയ്ക്കു മുന്നിൽ പ്രവേശനം തടയാൻ കയർ കെട്ടി വേർതിരിച്ചിട്ടുണ്ടെന്നും അതിന് പുറത്താണ് ആളുകൾ നിന്നതെന്നും അബ്ബാസ് പറഞ്ഞു. പിഴയുടെ രസീത് അബ്ബാസ് കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണത്തിൽ ഡി കാറ്റഗറിയിലായ കടയ്ക്കു മുന്നിൽ അകലം പാലിക്കാതെ ഒത്തുകൂടിയതിനാണു പിഴ ഈടാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനങ്ങൾക്കു മുന്നിലെ ആൾക്കൂട്ടത്തിന്റെ ഉത്തരവാദിത്തം ഉടമയ്ക്കാണെന്നും പൊലീസ് അറിയിച്ചു.