'വിവാദം സിപിഎം സൃഷ്ടി, മുസ്‌ലിം ലീ​ഗ് ഒറ്റക്കെട്ടായി നേരിടും'; മൗനം വെടിഞ്ഞ് കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 08:17 AM  |  

Last Updated: 09th August 2021 08:26 AM  |   A+A-   |  

pk kunjalikkutty

ഫയല്‍ ചിത്രം

 

മലപ്പുറം; ചന്ദ്രിക വിവാദത്തിൽ മൗനം വെടിഞ്ഞ് മുസ്ലീം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടി. വിവാദങ്ങൾക്കു പിന്നിൽ സിപിഎം ആണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വെല്ലുവിളികളെ അതിജീവിച്ച പ്രസ്താനമാണ് മുസ്ലീം ലീഗ്. കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സിപിഎം സൃഷ്ടിച്ചതാണ്. സർക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. എതിരാളികളുടെ കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്. സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണമെന്നും യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രിക വിവാദത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങൾ രം​ഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങള്‍ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു ആരോപണം. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടുകള്‍ കൊണ്ടാണെന്നുമാണ് പറഞ്ഞത്. മുഈനലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാരസമിതി തള്ളിയിരുന്നു.