'സ്വകാര്യ ആശുപത്രികളിലെ വാക്‌സിന് സബ്‌സിഡി നല്‍കണം' ;  200 രൂപയ്ക്ക് ലഭ്യമാക്കണമെന്ന് വി ഡി സതീശന്‍

വാക്‌സിന്‍ ചലഞ്ചുവഴി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ ഉപയോഗിക്കണം
വി ഡി സതീശന്‍ / ഫയൽ ചിത്രം
വി ഡി സതീശന്‍ / ഫയൽ ചിത്രം

തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ വാക്‌സിനുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിനായി വാക്‌സിന്‍ ചലഞ്ചിലെ പണം ഉപയോഗിക്കണം. വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും, പലയിടത്തും വാക്‌സിന്‍ വിതരണത്തില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

സ്വകാര്യ മേഖലയില്‍ ലഭിച്ചിട്ടുള്ള വാക്‌സിനുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുകയാണ് ചെയ്യേണ്ടത്. 750 - 800 രൂപയാണ് സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വാങ്ങുന്നത്. സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കി, ലാഭം ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുന്ന വാക്‌സിന്‍ ഉപയോഗിക്കാന്‍ സംവിധാനമുണ്ടാക്കണം. 

ഇതുവഴി ആളുകള്‍ക്ക് 200- 250 രൂപ നിരക്കില്‍ വാക്‌സിന്‍ ലഭിക്കാന്‍ ഇടയാക്കും. ഇതോടെ കുറേ ആളുകള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ കഴിയും. അതിനായി വാക്‌സിന്‍ ചലഞ്ചുവഴി ഉണ്ടാക്കിയ കോടിക്കണക്കിന് രൂപ ഉപയോഗിക്കണം. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ആദ്യ ഡോസ് വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് ഊര്‍ജിത വാക്‌സീനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രതിദിനം 5 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യം. ഓഗസ്റ്റ് 31 വരെയാണ് വാക്‌സിനേഷന്‍ യജ്ഞം. വാക്‌സീന്‍ ക്ഷാമം കാരണം കിടപ്പുരോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സീന്‍ നല്‍കാനാണ് ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com