പൊതുജനങ്ങളോടുള്ള മെക്കിട്ടുകയറ്റം തുടര്‍ക്കഥ; ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ് നഗരസഭ ജീവനക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 02:40 PM  |  

Last Updated: 10th August 2021 02:40 PM  |   A+A-   |  

attingal

ടെലിവിഷന്‍ ദൃശ്യം

 

തിരുവനന്തപുരം: ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ് നഗരസഭ ജീവനക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ കൊണ്ടുവന്ന മീന്‍ വലിച്ചെറിഞ്ഞത്. നഗരസഭ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോഡിലേക്ക് വീണ് അല്‍ഫോണ്‍സയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

ആറ്റിങ്ങല്‍ നഗരസഭ പരിധിയിലുള്ള അവനവന്‍ചേരിയിലാണ് സംഭവം. സമീപത്തുള്ള ചിലരുടെ പരാതിയെ തുടര്‍ന്നാണ് മീന്‍ എടുത്തു മാറ്റിയത് എന്നാണ് നഗസസഭ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

അഞ്ചംഗ കുടുംബത്തിന്റെ ഉപജീവനത്തിന് വേണ്ടിയാണ് താന്‍ മീന്‍ വില്‍ക്കാന്‍ എത്തിയതെന്ന് അല്‍ഫോണ്‍സ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മീന്‍ വില്‍ക്കാന്‍ പോയില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കൊല്ലം പാരിപ്പള്ളിയില്‍ വയോധിക വില്‍പ്പനയ്ക്ക് വേണ്ടിക്കൊണ്ടുവന്ന മീന്‍ വലിച്ചെറിഞ്ഞ പൊലീസ് നടപടിക്ക് സമാനമായ സംഭവമാണ് ആറ്റിങ്ങലിലും സംഭവിച്ചിരിക്കുന്നത്.