സര്‍ക്കാരിന് തിരിച്ചടി: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് സ്‌റ്റേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 02:34 PM  |  

Last Updated: 11th August 2021 03:11 PM  |   A+A-   |  

Kerala High Court

ഹൈക്കോടതി /ഫയല്‍ ചിത്രം

 

തിരുവനനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു.  അന്വേഷണത്തിന് എതിരെ ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്, ഹൈക്കോടതി നടപടി.

ഇഡി കൊച്ചി സോണല്‍ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരത്തില്‍ കമ്മിഷനെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. മെയ് ഏഴിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്യണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. കമ്മിഷന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന് ഇടക്കാല ആവശ്യമായി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എതിര്‍കക്ഷികളായ മുഖ്യമന്ത്രിക്കും അന്വേഷണ കമ്മിഷനും നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അട്ടിമറി നടത്താന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് വികെ മോഹനനെ കമ്മിഷനായി നിയമിച്ചത്. മന്ത്രിസഭായോഗമാണ് അന്വേഷണത്തിനു തീരുമാനിച്ചത്. 

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുടെ മറവില്‍ സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെയും കേന്ദ്ര എജന്‍സികള്‍ തടസപ്പെടുത്തുന്നതായി മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.