അരി 24 രൂപ, പഞ്ചസാര 22 രൂപ ; ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ് ; സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കം

ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭിക്കും
ഓണം ഫെയറില്‍ മന്ത്രിമാരായ ജി ആര്‍ അനിലും ആന്റണി രാജുവും / ഫെയ്‌സ്ബുക്ക് ചിത്രം
ഓണം ഫെയറില്‍ മന്ത്രിമാരായ ജി ആര്‍ അനിലും ആന്റണി രാജുവും / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍  ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍  നിര്‍വഹിച്ചു. കോവിഡ് മഹാമാരി കാലത്ത് പൊതു വിപണിയിലെ വില നിയന്ത്രിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍  പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമായാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഓണം ഫെയറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഓണത്തിനുള്ള സ്‌പെഷ്യല്‍ കിറ്റ് ഇതിനകം 12,72,521 പേര്‍ വാങ്ങി. അനര്‍ഹരില്‍നിന്ന് തിരികെ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷനായി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില ചുവടെ (നോണ്‍ സബ്‌സിഡി വില ബ്രാക്കറ്റില്‍): ചെറുപയര്‍ 74 (82), ഉഴുന്ന് 66 (98), കടല 43 (63), വന്‍പയര്‍ 45 (80), തുവരന്‍ പരിപ്പ് 65 (102), മുളക് 75 (130), മല്ലി 79 (92), പഞ്ചസാര 22 (37.50), ജയ അരി 25 (31), പച്ചരി 23 (28), മട്ട അരി 24 (29.50).

വിപണന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ഫെയര്‍ 20 വരെ പ്രവര്‍ത്തിക്കും. താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ആഗസ്റ്റ് 16 മുതല്‍ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനസമയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com