മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു; കോണ്‍ഗ്രസുകാരുടെ നെഞ്ചത്ത് കയറേണ്ട: ഭരണപക്ഷത്തിന് എതിരെ വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2021 02:10 PM  |  

Last Updated: 11th August 2021 02:11 PM  |   A+A-   |  

VD-Satheesan

വി ഡി സതീശന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: നിയമസഭയിലെ പ്രസംഗത്തിനിടെ ഭരണപക്ഷം നടത്തിയ ഇടപെടലില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സഭയില്‍ ഏത് വിഷയം അവതരിപ്പിച്ചാലും ഭരണപക്ഷം എതിര്‍ക്കുന്നത് പതിവായെന്നും മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുട്ടനാട് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ മറുപടി പ്രസംഗത്തിലാണ് വിമര്‍ശനം. 

സഭയിലെ ചര്‍ച്ചകള്‍ ജനോപകാരപ്രദമായി മാറണം. ആളുകളുടെ സങ്കടം നേരിട്ടുകണ്ടും കൂടുതല്‍ വായിച്ചറിഞ്ഞുമുള്ള കാര്യങ്ങളാണ് സഭയില്‍ പറയുന്നത്. പ്രതിപക്ഷം എന്താണ് പറയുന്നതെന്ന് കേട്ടിരിക്കാനുള്ള മാനസികാവസ്ഥയെങ്കിലും ഭരണപക്ഷം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് തെറ്റായ രീതിയിലാണ് സഭയില്‍ സംസാരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. സഭയില്‍ കുറച്ചുകൂടി മര്യാദയോടെ സംസാരിക്കണം. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിയാകണമെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയെ മാത്രം സുഖിപ്പിച്ചാല്‍ മതി, കോണ്‍ഗ്രസുകാരുടെ നെഞ്ചത്തേക്ക് കയറേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കുട്ടനാടില്‍ നിന്ന് ഉള്ളതെല്ലാം പെറുക്കിക്കെട്ടി പാവപ്പെട്ട ജനങ്ങള്‍ പലായനം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണണം. കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പദ്ധതിയുണ്ടാക്കണം. വിവിധ വകുപ്പുകളെ ഏകോപിച്ച് കാര്യങ്ങള്‍ പ്രവര്‍ത്തികമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.