വയറുവേദനയുമായി ആശുപത്രിയിലെത്തി, പരിശോധനയില്‍ 14 കാരി ഒമ്പതു മാസം ഗര്‍ഭിണി ; കുടുംബസുഹൃത്ത് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 10:24 AM  |  

Last Updated: 12th August 2021 10:24 AM  |   A+A-   |  

Woman Alleges Rape

പ്രതീകാത്മക ചിത്രം

 

കൊച്ചി : വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. കൊച്ചി എടത്തല സ്വദേശിനിയായ 14 കാരിയാണ് ഗര്‍ഭിണിയായത്. സംഭവത്തില്‍ കുടുംബസുഹൃത്തായ 21 കാരന്‍ അറസ്റ്റിലായി.

കടുത്ത വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കളാണ് കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ പെണ്‍കുട്ടി ഒമ്പതു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

കുട്ടിയുടെ അമ്മയും അറസ്റ്റിലായ യുവാവും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. അടുത്തിടെ കുടുംബകലഹത്തെ തുടര്‍ന്ന് യുവാവും മാതാവും വീടു വിട്ട്, പെണ്‍കുട്ടിയുടെ വീട്ടില്‍ കുറച്ചുകാലം താമസിച്ചിരുന്നു. വീട്ടുകാര്‍ ജോലിക്ക് പോകുമ്പോള്‍ പെണ്‍കുട്ടിയും യുവാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഈ സമയത്താകാം പീഡനം നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനോടും ഡോക്ടറോടും പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

പെണ്‍കുട്ടിയേയും യുവാവിനേയും രക്ഷിക്കാനായി വീട്ടുകാര്‍ വസ്തുത മറച്ചുവെക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴിയാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയത്. പെണ്‍കുട്ടിയുടേയും യുവാവിന്റേയും വിവാഹം നടത്താന്‍ വീട്ടുകാര്‍ പദ്ധതിയിട്ടതായി സൂചനയുണ്ടെന്നും പൊലീസ് പറയുന്നു.