സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 07:16 PM  |  

Last Updated: 14th August 2021 07:16 PM  |   A+A-   |  

CPM state convention in February at Ernakulam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം വേദിയാകും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്തും. അടുത്ത മാസം മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാര്‍ട്ടി നേതൃത്വത്തില്‍ എല്ലാ തലത്തിലും പ്രായപരിധി 75 വയസാക്കും. ഇതുസംബന്ധിച്ച കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പാക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ ഒഴിവാക്കും. സമ്മേളനങ്ങളോട് അനുബന്ധിച്ച് റാലികളും പൊതുയോഗവും ഒഴിവാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് സമ്മേളന ഹാളുകള്‍ സജ്ജീകരിക്കും. കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീരുമാനം പുനരാലോചിക്കാനും നേതൃത്വം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ഒന്‍പത് വര്‍ഷത്തിന് ശേഷം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ കേന്ദ്ര കമ്മിറ്റി യോഗം  തീരുമാനിച്ചിരുന്നു. 
23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കാനാണ് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തില്‍ തീരുമാനമെടുത്തത്. ഇതാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.