'നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്; അല്‍ഫോണ്‍സയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2021 07:32 PM  |  

Last Updated: 14th August 2021 07:32 PM  |   A+A-   |  

alphonsa-sivankutty

ചികിത്സയില്‍ കഴിയുന്ന അല്‍ഫോണ്‍സയെ മന്ത്രി സന്ദര്‍ശിച്ചപ്പോള്‍


തിരുവനന്തപുപുരം: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വഴിയരികില്‍ കച്ചവടം നടത്തവെ നഗരസഭ ജീവനക്കാരുടെ ആക്രമണത്തിനിരയായ അല്‍ഫോണ്‍സയെ പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി നേരില്‍ കണ്ടു. അല്‍ഫോണ്‍സയോട് സംഭവത്തിന്റെ വിശദവിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. അല്‍ഫോണ്‍സയെ ചികില്‍സിക്കുന്ന ഡോക്ടറുമായും മന്ത്രി സംസാരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് അല്‍ഫോണ്‍സ ചികിത്സയില്‍ കഴിയുന്നത്.

അല്‍ഫോണ്‍സയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ പാവങ്ങളുടെ സര്‍ക്കാരാണ്. ഇത്തരത്തിലുള്ള നടപടികള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ആവര്‍ത്തിച്ചു.

അല്‍ഫോണ്‍സ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും എന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്‌നത്തെ ന്യായമായും നിയമപരമായും കൈകാര്യം ചെയ്യുന്നതിന് പകരം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. മത്സ്യത്തൊഴിലാളികളോട് എന്നും ചേര്‍ന്നുനില്‍ക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാണ്. തീരമേഖലയില്‍ മികച്ച പിന്തുണയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന വീഴ്ച സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അത് ഫലം കാണില്ല. സര്‍ക്കാരിനെതിരെ നടത്തുന്ന സമരങ്ങള്‍ ഗൂഢ ലക്ഷ്യം വച്ചാണ്. പ്രശ്‌നങ്ങളെ വഷളാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. വഴിയോര കച്ചവടത്തിന് വ്യക്തമായ നിയമമുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.