മരത്തടി കൊണ്ട് തലയില്‍ വീണ്ടും വീണ്ടും അടിച്ചു, 'ബാത്‌റൂമില്‍ വീണ് പരിക്കി'ല്‍ വഴിത്തിരിവ് ; ഗൃഹനാഥന്റെ മരണം കൊലപാതകം, ഭാര്യ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2021 06:43 AM  |  

Last Updated: 17th August 2021 06:43 AM  |   A+A-   |  

suhra

അറസ്റ്റിലായ സുഹ്‌റ, കൊല്ലപ്പെട്ട അലി / ടെലിവിഷന്‍ ചിത്രം

 

തൃശൂര്‍ : ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കരൂപ്പടന്ന മേപ്പുറത്ത് അലി (65) യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇയാളെ കൊലപ്പെടുത്തിയ കുറ്റത്തിന് ഭാര്യ സുഹ്‌റ (56) ആണ് പിടിയിലായത്. വെള്ളാങ്ങല്ലൂര്‍ പാലിയേറ്റീവ് കെയര്‍ ഭാരവാഹി കൂടിയായ അലിയെ തലയ്ക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹ്‌റ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

കുളിമുറിയില്‍ തലയിടിച്ചു വീണ് പരിക്കേറ്റതാണെന്നാണ് സുഹ്‌റ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് റൂറല്‍ പൊലീസ് മേധാവി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സുഹ്‌റ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. അലിയുടെ ഖബറടക്കം കഴിഞ്ഞ പിറ്റേന്ന് പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുത്തു. കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ സുഹ്‌റ കുറ്റം സമ്മതിച്ചു.

സംഭവ ദിവസം രാത്രി അലിയും സുഹ്‌റയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് തന്നെ അടിക്കാനായി അടുക്കളയില്‍ നിന്ന് എടുത്ത മരത്തടി പിടിച്ചു വാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് സുഹ്‌റ പൊലീസിനോടു പറഞ്ഞു.  അടികൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നുള്ള ഭയംകൊണ്ട് വീണ്ടും വീണ്ടും അടിച്ചെന്നും സുഹറ മൊഴി നല്‍കി. കൃത്യം നടത്തിയ ശേഷം പുലര്‍ച്ചെ ചവര്‍കൂനയ്ക്കിടയില്‍ ഒളിപ്പിച്ച  മരത്തടി തെളിവെടുപ്പിനിടെ സുഹറ പൊലീസിന് കാണിച്ചുകൊടുത്തു.