മലബാര്‍ കലാപം സ്വാതന്ത്ര്യ സമരം തന്നെയെന്ന് സിപിഎം ;  ആര്‍എസ്എസിന്റേത് ബ്രിട്ടീഷ് വ്യാഖ്യാനമെന്ന് എ വിജയരാഘവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 12:42 PM  |  

Last Updated: 24th August 2021 12:42 PM  |   A+A-   |  

vijayaraghavan

എ വിജയരാഘവന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം : മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്ന് സിപിഎം. ബ്രിട്ടീഷ് വിരുദ്ധ സമരമാണിത്. ബ്രിട്ടീഷുകാരുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ച ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും എതിരായ സമരം എന്ന നിലയിലാണ് പ്രക്ഷോഭം രൂപപ്പെട്ടതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. 

ഈ സമരത്തെക്കുറിച്ച് പഠിച്ച എല്ലാവര്‍ക്കും അറിയാം, അല്ലെങ്കില്‍ ഭൂഖണ്ഡങ്ങളെക്കുറിച്ചുള്ള പ്രാഥമിക ധാരണയില്‍ ഏറ്റവും വ്യക്തമായ കാര്യമാണ് ബ്രിട്ടീഷുകാരാണ് ജന്മി നാടുവാഴിത്തത്തിന് നിയമപരിരക്ഷ നല്‍കിയത്. സ്വാഭാവികമായും അതില്‍ നിന്നും രൂപപ്പെട്ട ഒട്ടേറെ അനിഷ്ട സംഭവങ്ങളും ഭീകരമായ ചൂഷണങ്ങളുമുണ്ട്. 

ഇതിനെതിരായ സമരങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകും. ആ നിലയില്‍ രൂപപ്പെട്ട സമരങ്ങളില്‍ ഏറ്റവും സംഘടിതമായ പ്രക്ഷോഭമെന്ന നിലയിലും, ബ്രിട്ടീഷ് പട്ടാളം ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തിയ പ്രക്ഷോഭം എന്ന നിലയിലും മലബാര്‍ കലാപം ശ്രദ്ധേയമാണ്. 1921 ലാണ് മലബാര്‍ കലാപമുണ്ടാകുന്നത്. 1930 കളിലാണ് കേരളത്തില്‍ ദേശീയപ്രസ്ഥാനം  വിപുലമായ ജനകീയപ്രസ്ഥാനമായി മാറുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 

കേന്ദ്രം പേരുവെട്ടിയാല്‍ ചരിത്രത്തില്‍ നിന്ന് മായില്ല. കലാപത്തിന് ജന്മിത്വ വിരുദ്ധ അന്തര്‍ധാര കൂടിയുണ്ട്. ആര്‍എസ്എസ് പറയുന്നത് ബ്രിട്ടീഷ് നയവും വ്യാഖ്യാനവുമാണ്. മലബാര്‍ കലാപത്തെ പാരീസ് കമ്യൂണിനോടാണ് എകെജി ഉപമിച്ചത്. അതിന്റെ പേരില്‍ എകെജിയെ ജയിലിലും അടച്ചിട്ടുണ്ട്. എകെജിയെ ജയിലില്‍ അടച്ച ബ്രിട്ടീഷ് മനോഭാവക്കാരാണ് എം ബി രാജേഷിനെ വിമര്‍ശിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.