വാക്‌സിന്‍ സ്വീകരിച്ചശേഷം അസ്വസ്ഥത ; ചികില്‍സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 11:24 AM  |  

Last Updated: 25th August 2021 11:24 AM  |   A+A-   |  

ranjitha

രഞ്ജിത

 

കാസര്‍കോട് : കോവിഡ് വാക്‌സീന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്. 

ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് രഞ്ജിത ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത പനിയും ഛര്‍ദിയും കാരണം കാസര്‍കോട്ടെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രഞ്ജിതയെ കണ്ണൂര്‍ മിംസിലേക്ക് മാറ്റി. സ്‌കാനിങ്ങില്‍ രഞ്ജിതയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. യുവതിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് അപകടകരമാം വിധം താഴ്ന്നിരുന്നതായും ഡോ. അജിത് ശ്രീധരന്‍ പറഞ്ഞു. 

പ്ലേറ്റ് ലെറ്റ് കൗണ്ട് കുറഞ്ഞതാണ് അമിത രക്തസാസ്രാവത്തിന് കാരണമായത്. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിതയ്ക്ക് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും, വാക്‌സിന്‍ സ്വീകരിച്ചതാണ് മരണകാരണമായതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. 

എന്നാല്‍ വാക്‌സിന്‍ അല്ല രക്തസ്രാവത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചശേഷം രക്തം കട്ടപിടിക്കുകയോ, രക്തസ്രാവം ഉണ്ടാകുകയോ ചെയ്താല്‍ പ്ലേറ്റ്‌ലെറ്റ് ഫാക്ടര്‍-4 (പിഎഫ്-4) എന്ന പരിശോധന നടത്തണമെന്നാണ് കേന്ദ്രനിര്‍ദേശം. ഇതനുസരിച്ചുള്ള പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. 

ഐടിഐ വിദ്യാര്‍ത്ഥിനിയാണ് രഞ്ജിത. അതേസമയം വാക്‌സിന്‍ സ്വീകരിച്ചശേഷം തലച്ചോറില്‍ രക്തം കട്ടപിടിച്ച് കോട്ടയത്തും പത്തനംതിട്ടയിലും യുവതികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച ഗര്‍ഭിണിയായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി മഹിമ മാത്യു (31), പത്തനംതിട്ട നാരങ്ങാനം സ്വദേശിനി ദിവ്യ ആര്‍ നായര്‍ (38) എന്നിവരാണ് രക്തം കട്ടപിടിച്ച് മരിച്ചത്. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്ന് ചില ആരോഗ്യവിദഗ്ധര്‍ പറയുന്നു.