പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും; പരസ്യ പ്രതികരണത്തിനില്ല; ഡിസിസി പുനസംഘടനയില്‍ മുല്ലപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 05:16 PM  |  

Last Updated: 30th August 2021 05:16 PM  |   A+A-   |  

Mullappally also wrote a letter to Sonia

മുല്ലപ്പള്ളി രാമചന്ദ്രൻ/ ഫയല്‍ ചിത്രം


തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ നിയോഗിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ അഭിപ്രായം താന്‍ ഹൈക്കാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും സത്യസന്ധവും നിര്‍ഭയവുമായ അഭിപ്രായം പാര്‍ട്ടി വേദിയില്‍ രേഖപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാറ്റമില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.  ആറു മാസം കാത്തിരുന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മാറ്റം കാണാമെന്ന് സുധാകരന്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു.

ഡിസിസി അധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച് ഇനി ഒന്നും പറയാനില്ല. പറഞ്ഞയാനുള്ളതു പറഞ്ഞു, അതിനു മറുപടിയും വന്നു കഴിഞ്ഞു. ആ ചര്‍ച്ച ഇനി അവസാനിപ്പിക്കാം. പാര്‍ട്ടിക്കു താങ്ങും തണലും ആവേണ്ട മുതിര്‍ന്ന നേതാക്കള്‍ ഇനിയും പരസ്യ പ്രതികരത്തിനു മുതിരുന്നത് ശരിയാണോയെന്ന് അവര്‍ തന്നെ ആലോചിക്കട്ടെ സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ്. അവര്‍ പാര്‍ട്ടിക്കു താങ്ങും തണലുമായി എന്നും ഉണ്ടാവണമെന്നാണ് ആഗ്രഹം. അത് അങ്ങനെ തന്നെ തുടരുന്നതിനുള്ള സഹകരണം അവരോട് അഭ്യര്‍ഥിക്കുകയാണ് ചെയ്യുന്നതെന്ന് സുധാകരന്‍ പറഞ്ഞു.