ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താ ?; കോണ്‍ഗ്രസിന് എകെജി സെന്ററില്‍ നിന്ന് ഉപദേശം വേണ്ടെന്ന് വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 12:57 PM  |  

Last Updated: 31st August 2021 12:57 PM  |   A+A-   |  

V D Satheesan

വി ഡി സതീശന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ തങ്ങള്‍ പരിഹരിച്ചോളാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന് എകെജി സെന്ററില്‍ നിന്നും പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 

സിപിഎമ്മില്‍ നടക്കുന്നതെന്താണ്, ഇതിന് മുമ്പ് നടന്നതെന്താണ് . എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയില്‍ പാവം ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താ ?. ഇഷ്ടക്കാരെയും ഇഷ്ടക്കാരല്ലാത്തവരെയും സൗകര്യപൂര്‍വം ചെയ്തിട്ട്, ഇതാണ് വേറെ പാര്‍ട്ടി എന്നു പറയുന്നത്. സതീശന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് സംഘടനാ വിഷയത്തെപ്പറ്റി താനൊന്നും പറയില്ല. അതെല്ലാം കെപിസിസി പ്രസിഡന്റ് പറയും. രാഷ്ട്രീയപാര്‍ട്ടിക്ക് മാത്രമല്ല, എല്ലാ സംഘടനകള്‍ക്കും അതിന്റെ ചട്ടക്കൂടുണ്ട്. അതിന്റെ പരിമിതിയില്‍ നിന്നു മാത്രമേ സംസാരിക്കാവൂ. വളരെ ചിട്ടയോടെയാണ് സംഘടനാ കാര്യങ്ങള്‍ പോകുന്നത്. അതിന്റെ ആത്മവിശ്വാസം എല്ലാവര്‍ക്കുമുണ്ട്. 

തുടര്‍ച്ചയായുണ്ടായ രണ്ടു പരാജയത്തില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടു വരിക എന്ന പോസിറ്റീവായ ദൗത്യമാണ് തങ്ങള്‍ക്കുള്ളത്. ആ ലക്ഷ്യത്തിലേക്കുള്ള തുടക്കമാണ്. അതിന് ഒരു പ്ലാന്‍ ഓഫ് ആക്ഷനുണ്ട്. അത് നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകും. 

ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സതീശന്‍ പറഞ്ഞു. ചര്‍ച്ച നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ എന്‍കെ പ്രേമചന്ദ്രന് പാര്‍ലമെന്റ് സമ്മേളനം മൂലവും ഷിബു ബേബിജോണ്‍ ചികില്‍സയിലായിരുന്നതിനാലും കെ സുധാകരന്‍ ഡല്‍ഹിയിലായിരുന്നതിനാലുമാണ് ചര്‍ച്ച നീണ്ടു പോയത്. അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചയില്‍ പരിഹരിക്കപ്പെടാവുന്ന വിഷയങ്ങളെല്ലാം പരിഹരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.