'ഒരുവര്‍ഷം കൊച്ചി മെട്രോയില്‍ സൗജന്യയാത്ര'; നറുക്കെടുപ്പുമായി കെഎംആര്‍എല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2021 08:15 AM  |  

Last Updated: 10th December 2021 08:15 AM  |   A+A-   |  

Kochi Metro schedule

ഫയല്‍ ചിത്രം


കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം മുൻപിലെത്തുന്നു. ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പിൽ ഭാ​ഗ്യം തെളിഞ്ഞാൽ ഒരു വർഷം മെട്രോയിൽ യാത്ര ഫ്രീ. 

ഒരു വർഷത്തേക്കു മെട്രോയിൽ സൗജന്യ യാത്രയാണ് ഒന്നാം സമ്മാനം. ആറു മാസവും മൂന്നു മാസവും സൗജന്യ യാത്രയുടെ രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്. 24, 25, 31, ജനുവരി ഒന്ന് തീയതികളിൽ യാത്രചെയ്യുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. നറുക്കെടുപ്പിനായി യാത്രക്കാർ ‘ക്യുആർ കോഡ് ടിക്കറ്റ്’ ലക്കി ഡ്രോ ബോക്‌സിൽ ഇടണം. 

മെട്രോയുടെ ഓരോ സ്‌റ്റേഷനും സിഗ്നേച്ചർ മ്യൂസിക് തയാറാക്കാനും കെഎംആർഎൽ പദ്ധതിയിടുന്നു. ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലും ഈ സംഗീതം കേൾപ്പിക്കും. ഓരോ സ്‌റ്റേഷന്റേയും പൈതൃകം, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കിയാവും സംഗീതം. പരീക്ഷണാടിസ്ഥാനത്തിൽ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനിൽ ശനിയാഴ്ച ഇതു നടപ്പാക്കും.