എക്‌സൈസ് ഡ്യൂട്ടി ബെവ്‌കോ അടയ്ക്കും; മദ്യകമ്പനികളുമായുള്ള തര്‍ക്കം പരിഹരിച്ചെന്ന് സര്‍ക്കാര്‍

ഇതിന്റെ പേരില്‍ രണ്ടാഴ്ചയോളമായി മദ്യ കമ്പനികള്‍ മദ്യവിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവന്തപുരം: എക്‌സൈസ് ഡ്യൂട്ടി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മദ്യ കമ്പനികള്‍ സര്‍ക്കാരിന് നല്‍കേണ്ട എക്‌സൈസ് ഡ്യൂട്ടി ഈ സാമ്പത്തിക വര്‍ഷാവസാനം വരെ നിലവിലുള്ള രീതിയില്‍ ബിവറേജ് കോര്‍പ്പറേഷന്‍ മുന്‍കൂട്ടി അടയ്ക്കാനാണ് ധാരണയായത്.

സംസ്ഥാനത്ത് വര്‍ഷങ്ങളായി എക്‌സൈസ് ഡ്യൂട്ടി ബിവറേജ് കോര്‍പ്പറേഷന്‍ അടക്കുന്ന രീതിയാണുള്ളത്. ഇത് അബ്കാരി ചട്ടത്തിന് വിരുദ്ധമായതിനാല്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ രീതി നിര്‍ത്തലാക്കി കമ്പനികളോട് നേരിട്ട് എക്‌സൈസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇതിന്റെ പേരില്‍ രണ്ടാഴ്ചയോളമായി മദ്യ കമ്പനികള്‍ മദ്യവിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഡിസ്റ്റലറി ഉടമകളുടെ സംഘടന നല്‍കിയ നിവേദനം പരിഗണിച്ചാണ് തിങ്കളാഴ്ച ചര്‍ച്ച നടത്തിയത്. നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബിവറേജ് കോര്‍പ്പറേഷന്‍ സി എം ഡി, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായതെന്ന് മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com