മാധ്യമവിചാരണ വേണ്ട; ഗവര്‍ണര്‍ക്ക് എന്റെ പിതാവിന്റെ പ്രായം, മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല; ആര്‍ ബിന്ദു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 05:26 PM  |  

Last Updated: 15th December 2021 05:26 PM  |   A+A-   |  

r_bindu

ആര്‍ ബിന്ദു മാധ്യമങ്ങളോട് പ്രതികരിക്കുന്നു

 

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനം ചോദ്യം ചെയ്ത നല്‍കി ഹര്‍ജി തള്ളിയത് സ്വാഗതം ചെയ്ത് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. വിസിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി നടപടികള്‍ വ്യക്തമാക്കുന്നത്. ഗവര്‍ണര്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരും ഗവര്‍ണറുമായും ചാന്‍സലറും പ്രോ വൈസ് ചാന്‍സലറുമായുള്ള ആശയവിനിമയം പുറത്തുപറയാനുള്ളതല്ലന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരും ഗവര്‍ണറുമായും ചാന്‍സലറും പ്രോ വൈസ് ചാന്‍സലറുമായുള്ള ആശയവിനിമയം മാധ്യമങ്ങളുടെ മുന്‍പാകെ പരസ്യമായി ചര്‍ച്ച ചെയ്യുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല. അത് വളരെ ഡിപ്ലോമാറ്റിക് ആയ റിലേഷന്‍ഷിപ്പാണ്. അതിന്റെ മാന്യത കാത്തുസംരക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു. 

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിസിയായി തുടരാന്‍ ഡോ. ഗോപിനാഥ് രവീന്ദ്രനു യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളുകയായിരുന്നു.

വിസി നിയമനവമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വെളിപ്പെടത്തലുകളുടെ പശ്ചാത്തലത്തില്‍ ഹര്‍ജിക്കാര്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു. കൂടുതല്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഈ ഹര്‍ജി ജസ്റ്റിസ് അമിത് റാവല്‍ അപ്പോള്‍ തന്നെ നിരസിച്ചിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന് കോടതി ചോദിച്ചു.

വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ, ഗവര്‍ണറുടെ നിലപാടു തന്നെ ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി നടപടി സര്‍ക്കാരിന് പിടിവള്ളിയാവും. അതേസമയം സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

പുനര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണെന്ന് വ്യക്തമായതോടെ, പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭ രംഗത്താണ്.