ഒമൈക്രോണ്‍: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം; 'റിസ്‌ക്' രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക പരിശോധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2021 07:57 AM  |  

Last Updated: 16th December 2021 07:57 AM  |   A+A-   |  

nedumbasseri airport

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഒമൈക്രോണ്‍ രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ പ്രത്യേക പരിശോധനയ്ക്ക് വിധേയരാക്കും. ഇവര്‍ക്കായി പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍ തുറക്കും. 

ഒരേസമയം 700 രാജ്യാന്തര യാത്രക്കാരെ പരിശോധിക്കാനുള്ള സൗകര്യം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 350 പേര്‍ക്ക് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കും 350 പേര്‍ക്ക് സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുമാണ് സൗകര്യമുള്ളത്. 

റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അര മണിക്കൂറിലും സാധാരണ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അഞ്ചു മണിക്കൂറിലും ലഭ്യമാകും. ബ്രിട്ടനില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരന് ഈ മാസം എട്ടിന് നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാളാണ് സംസ്ഥാനത്തെ ആദ്യ ഒമൈക്രോണ്‍ രോഗബാധിതന്‍. 

ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. രണ്ടുപേരും ബ്രിട്ടനില്‍ നിന്നെത്തിയ യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. ഇന്നലെ വൈറസ് വകഭേദം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നെത്തിയ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്.