'ചിലര്‍ക്ക് ദ്രോഹമനഃസ്ഥിതി, ഇവര്‍ നാടിന് ശാപം'; തിരിച്ചറിയണമെന്ന് പിണറായി വിജയന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2021 08:26 PM  |  

Last Updated: 16th December 2021 08:26 PM  |   A+A-   |  

kerala development

മുഖ്യമന്ത്രി പിണറായി വിജയന്‍/ ഫയല്‍

 

തിരുവനന്തപുരം:  നാടിനെ വ്യവസായ സൗഹൃദമാക്കാന്‍ വലിയ ശ്രമം നടത്തുമ്പോള്‍ ദ്രോഹമനഃസ്ഥിതിയോടെ ചിലര്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് നാടിനു വലിയ ശാപമാണ്. അത്തരക്കാരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വ്യവസായം തുടങ്ങുമ്പോള്‍ ഇത്തരക്കാര്‍ പരാതികള്‍ അയച്ചു തുടങ്ങും. രാഷ്ട്രപതിയില്‍ തുടങ്ങി പഞ്ചായത്തില്‍വരെ പരാതികള്‍ അയച്ച് പ്രയാസം സൃഷ്ടിക്കും. വ്യവസായം തുടങ്ങുന്നയാള്‍ പരാതിക്കാരനെ കണ്ട് പരാതി തീര്‍ക്കണം എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇത് നാടിനു വലിയ ശാപമാണ്. അത്തരക്കാരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയണം. പൊതുതാല്‍പ്പര്യത്തിനായി നിലകൊള്ളുന്നു എന്നാണ് ഇവര്‍ പറയാറുള്ളത്. എന്നാല്‍, ഇവര്‍ നാടിനും നാടിന്റെ വികസനത്തിനും എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംരംഭങ്ങള്‍ പലതും ഇവിടേക്ക് വരേണ്ടതുണ്ട്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴില്‍ സൗകര്യം നല്ലതുപോലെ ഒരുക്കാന്‍ നമുക്കാകണം. സംരംഭങ്ങള്‍ക്കുള്ള തടസ്സം നീക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കുന്ന നിലയിലേക്ക് മാറി. എംഎസ്എംഇകള്‍ തുടങ്ങി മൂന്നു വര്‍ഷത്തിനുശേഷം ലൈസന്‍സ് നേടിയാല്‍ മതി. സ്ഥാപനങ്ങളിലെ പരിശോധനകള്‍ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കാന്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.