ഗവര്‍ണര്‍ക്ക് ഗുപാര്‍ശ ചെയ്യാന്‍ മന്ത്രിക്ക് അധികാരമില്ല; ആര്‍ ബിന്ദുവിനെ തള്ളി കാനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2021 05:08 PM  |  

Last Updated: 16th December 2021 05:08 PM  |   A+A-   |  

Kanam against R Bindu

കാനം രാജേന്ദ്രന്‍, ആര്‍ ബിന്ദു

 

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെ തള്ളിപ്പറഞ്ഞ് സിപിഐ. കണ്ണൂര്‍ സര്‍വകലാശാല പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കത്തയക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുന്‍പ് സിപിഐ പ്രതിനിധിയായിരുന്ന ചിലര്‍ ആര്‍ ബിന്ദുവിന്റെ നടപടിയെ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴാണ് പാര്‍ട്ടി നിലപാട് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചത്. വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിക്ക് അധികാരമില്ലെന്നാണ് ധാരണ.  തന്റെ അറിവ് തെറ്റാണോയെന്ന് അറിയില്ലെന്നും കാനം പരിഹസിച്ചു. 

എസ് രാജേന്ദ്രന്‍ സിപിഐയില്‍ ചേരുമെന്ന വാര്‍ത്ത നിഷേധിക്കാതിരുന്ന കാനം രാജേന്ദ്രന്‍, പാര്‍ട്ടിയിലേക്ക് പലരുംവരും, ആരൊക്കെ വരും എന്നത് സസ്‌പെന്‍സാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏരിയ സമ്മേളനത്തില്‍ എസ് രാജേന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം എം മണി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് പറഞ്ഞ എം എം മണി ഇങ്ങനെയുള്ളവര്‍ വേറെ പാര്‍ട്ടി നോക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കി.