'ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞ് വാഹനം കൊണ്ടുപോയി'; എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2021 12:24 PM  |  

Last Updated: 19th December 2021 12:24 PM  |   A+A-   |  

shan_sdpi

കൊല്ലപ്പെട്ട ഷാന്‍/ഫയല്‍


ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ഗൂഢാലോചനയില്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു. അക്രമി സംഘത്തിന് വാഹനം എത്തിച്ചു നല്‍കിയത് മണ്ണഞ്ചേരി സ്വദേശിയായ പ്രസാദാണ്. വാഹനം കൊണ്ടുപോയത് വെണ്‍മണി സ്വദേശി കൊച്ചുകുട്ടനാണെന്നും ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വാഹനം സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 

അതേസമയം, കൊല്ലപ്പെട്ട ഷാന്റെ ഖബറടക്കം ഇന്നു വൈകുന്നേരം മൂന്നിന് നടത്തും. മണ്ണഞ്ചേരി പൊന്നാട് പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടത്തുക. 

ബിജെപി നേതാവിന്റെ കൊലപാതകം; 11പേര്‍ കസ്റ്റഡിയില്‍ 

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്നുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. 

അക്രമി സംഘം ആബുംലന്‍സില്‍ എത്തിയെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്ഡിപിഐയുടെ ഒരു ആംബുലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു എന്നാണ് സൂചന.

ഇന്ന് പുലര്‍ച്ചെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കറി ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികൂടിയാണ് രഞ്ജിത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. പിന്നില്‍നിന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ആലപ്പുഴയില്‍ 144; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ സേനയെ വിന്യസിക്കും. വാഹന പരിശോധന ശക്തമാക്കും.

അപലപിച്ച് മുഖ്യമന്ത്രി

ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണെന്നും കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.