ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങളില്‍ മാറ്റം; പൊലീസ് കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്നും മാറ്റി

ജാമ്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ചുകളിലും മാറ്റം വരുത്തിയിട്ടുണ്ട്
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ കേസ് പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചിരുന്ന പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം അടക്കമുള്ള വിഷയങ്ങള്‍ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് അനു ശിവരാമന്‍ ആകും ഇനി ഇത്തരം കേസുകള്‍ പരിഗണിക്കുക.

നേരത്തെ പൊലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്. കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെ മോഷ്ടാവെന്ന് മുദ്രകുത്തി അവഹേളിച്ച സംഭവത്തില്‍ കോടതി പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ജാമ്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ചുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 
സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികള്‍ വരുമ്പോള്‍ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് മാറ്റം പ്രാബല്യത്തില്‍ വരിക. 

പൊലീസുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ തന്നെ തുടരും. പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നാണ് ഹൈക്കോടതി അധികൃതര്‍ വിശദീകരിക്കുന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com