11 കിലോ സ്വര്‍ണം; പത്തിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും: പോപ്പുലര്‍ ഫിനാന്‍സിന്റെ 33 കോടിയുടെ സ്വത്തുകൂടി കണ്ടുകെട്ടി

1000 കോടി രൂപയുടെ തട്ടിപ്പുകേസില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടെ കൂടുതല്‍ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: 1000 കോടി രൂപയുടെ തട്ടിപ്പുകേസില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടെ കൂടുതല്‍ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 33.84 കോടി രൂപയുടെ സ്വത്താണ് ഇ ഡി പുതുതായി കണ്ടുകെട്ടിയത്. ഇതോടെ കള്ളപ്പണ കേസില്‍ ആകെ 65 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. കേരളത്തില്‍ 10 ഇടങ്ങളില്‍ ഉള്ള ഭൂമിയും കെട്ടിടങ്ങളും, 11.5 കിലോഗ്രാം സ്വര്‍ണം, കമ്പനി ഉടമകളുടെയും പ്രമോട്ടര്‍മാരുടെ പേരില്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ ഉള്ള 3.79 കോടി രൂപ അടക്കം കണ്ടുകെട്ടിയിട്ടുണ്ട്. 

കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. മൂവായിരത്തോളം വരുന്ന നിക്ഷേപകരെ വഞ്ചിച്ചു പ്രതികള്‍ തട്ടിയെടുത്ത പണം കള്ളപ്പണമായി ബിനാമി ഇടപാടുകളില്‍ അടക്കം നിക്ഷേപിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ആഗസ്റ്റ് 9ന് പോപ്പുലര്‍ ഫിനാന്‍സ് കമ്പനി ഉടമ തോമസ് ഡാനിയേല്‍, മകള്‍ റിനു മറിയം തോമസ് എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

14 കോടി രൂപയുടെ സ്വര്‍ണ്ണം,10 കാറുകള്‍, കേരളത്തിലും തമിള്‍ നാട്ടിലുമുള്ള ഭൂമി എന്നിവ അടക്കം നേരത്തേ കണ്ടുകെട്ടിയിരുന്നു. കമ്പനി ഉടമ തോമസ് ഡാനിയേല്‍, മകള്‍ എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ള സ്വത്തുക്കളാണ് സെപ്തംബറില്‍ കണ്ടുകെട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com