'സമാധാനമായി ജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൈസ്തവ വിരുദ്ധത പടരുന്നു'; ആശങ്കയെന്ന് കെസിബിസി

വര്‍ഗീയ സംഘടനകളുടെ വിഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സമാധാനമായി ജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണെന്ന് കെസിബിസി. വര്‍ഗീയ സംഘടനകളുടെ വിഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് ഒട്ടേറെ സംസ്ഥാനങ്ങളെ എത്തിച്ചിരിക്കുന്നു. കഴിഞ്ഞ ചില ദിവസങ്ങള്‍ക്കിടയില്‍ മാത്രം ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ക്രൈസ്തവര്‍ക്കെതിരെയുള്ള വിവിധ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ വര്‍ധിക്കുന്ന അതിക്രമങ്ങളും ചില നിയമനിര്‍മ്മാണങ്ങളോ ഇന്ത്യയുടെ ഭരണഘടനക്ക് വിരുദ്ധവും രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളല്‍ വീഴ്ത്തുന്നതുമാണ്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതും അത്തരം നിയമങ്ങള്‍ പരിഗണനയിലുള്ളതുമായ എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു കത്തോലിക്കാ വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വലിയതോതില്‍ വര്‍ത്തിച്ചിട്ടുണ്ട്. 

മിക്ക അക്രമങ്ങള്‍ക്കും മുമ്പ് മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ, അന്യായമായി കുറ്റം ചുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ആസൂത്രിതമായി നടത്തപ്പെടുന്ന ആക്രമണങ്ങള്‍ക്കും കേസുകള്‍ക്കും പിന്നില്‍ ഗൂഢാലോചന സംശയിക്കാവുന്നതാണെന്നും കെസിബിസി കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com