'കുടുംബത്തിലെ ആരും പാര്‍ട്ടിയിലില്ല; കേരള കോണ്‍ഗ്രസ് (ബി) ഒന്നേയുള്ളു': സഹോദരിക്ക് മറുപടിയുമായി ഗണേഷ് കുമാര്‍

കേരള കോണ്‍ഗ്രസ് (ബി) കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ
കെ ബി ഗണേഷ് കുമാര്‍/ഫയല്‍
കെ ബി ഗണേഷ് കുമാര്‍/ഫയല്‍

കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സഹോദരി ഉഷ മോഹന്‍ദാസിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബിയെ പിളര്‍ത്തി വിമത വിഭാഗത്തിന്റെ അധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ തെരഞ്ഞെടുത്തിരുന്നു.

തന്നെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയാണ്. നിയമപരമായ കേരള കോണ്‍ഗ്രസ് (ബി) ഒന്നേയുള്ളൂവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് (ബി). അച്ഛന്‍ രാഷ്ട്രീയത്തിലുള്ളപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. കഴിഞ്ഞ 23 വര്‍ഷം ജനങ്ങള്‍ക്ക് നടുവില്‍ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങളല്ല പാര്‍ട്ടിയുടേത്. എല്ലാവരും കൂട്ടായ് എടുക്കുന്നതാണ്. എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല. എന്നോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള ആളുകളെ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണ് എല്ലാവരേയും വിളിച്ച് ചേര്‍ത്തത്' ഗണേഷ് പറഞ്ഞു.

'ഗണേഷ് കുമാര്‍ സ്വയംപ്രഖ്യാപിത ചൈയര്‍മാന്‍': ഉഷ മോഹന്‍ദാസ്

ഗണേഷ് കുമാറിന് എതിരെ കൊച്ചിയില്‍ യോഗം ചേര്‍ന്ന വിമത വിഭാഗം സഹോദരി ഉഷ മോഹന്‍ദാസിനെ അധ്യക്ഷയായി പ്രഖ്യാപിച്ചിരുന്നു. ഗണേഷ് കുമാര്‍ സ്വയം പ്രഖ്യാപിത പാര്‍ട്ടി ചെയര്‍മാനാണ് എന്നായിരുന്നു വിമത വിഭാഗത്തിന്റെ ആരോപണം. 

പാര്‍ട്ടി ഭരണഘടന പ്രകാരമല്ല ഗണേഷ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സമിതിയിലെ 74ല്‍ അധികം പേരുടെ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക പക്ഷം തങ്ങളാണ്. ഗണേഷ് കുമാറുമായി ഒരുമിച്ചു പോകുന്നതിനാണ് താല്‍പര്യം. അതിനുള്ള ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. കുടുംബപരമായ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.

കുടുംബപരമായ കാര്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് ഗണേഷ് കുമാറിനെതിരെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അത് വ്യക്തിപരമായി മാറും. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പാര്‍ട്ടി അംഗങ്ങളുടെ പരാതി നേരത്തേ തന്നെയുള്ളതാണ്. യോഗത്തിന്റെ തീരുമാനങ്ങള്‍ എല്‍ഡിഎഫിനെ അറിയിക്കുമെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള മരിച്ചതിനു പിന്നാലെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഗണേഷ് തയാറായിരുന്നില്ല. കോവിഡ് ആയിരുന്നതിനാല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നില്ല. തല്‍ക്കാലത്തേക്കു ഗണേഷിന് ചുമതല നല്‍കിയിരുന്നു.

എന്നാല്‍, ഏകപക്ഷീയമായി അദ്ദേഹം നീങ്ങുന്നു എന്നാണ് വിമതര്‍ ആരോപിക്കുന്നത്. ഇതോടെ ഭൂരിപക്ഷം അവകാശപ്പെട്ട് ഇവര്‍ കൊച്ചിയില്‍ സമാന്തര യോഗം ചേരുകയായിരുന്നു. ഇടതു മുന്നണിയില്‍ പാര്‍ട്ടിക്കു ലഭിച്ച ബോര്‍ഡ് അംഗത്വം ലഭിക്കാതെ വന്നവരാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ആക്ഷേപമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com