ഏത് തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്; പിണറായിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍ മാപ്പുപറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 09:35 PM |
Last Updated: 03rd February 2021 09:35 PM | A+A A- |
ഷാനിമോൾ ഉസ്മാൻ/ഫയല്‍ ചിത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ കെ സുധാകരന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. ഇത്തരം പരാമര്‍ശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ലെന്നും ഷാനിമോള്‍ പറഞ്ഞു
'കോണ്‍ഗ്രസ് നേതാക്കളോട് എനിക്ക് ബഹുമാനമാണുള്ളത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളോട് യോജിക്കാനാവില്ല. ഏത് തൊഴിലിനും അതിന്റേതായ മാഹാത്മ്യമുണ്ട്. തൊഴിലെടുക്കാതെ പണമുണ്ടാക്കുന്നതിനെയാണ് എതിര്‍ക്കേണ്ടത്. ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം തെറ്റായിപ്പോയി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ്.' ഷാനിമോള്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.
പിണറായി വിജയന്‍ ആരാ.. പിണറായി വിജയന്‍ ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ, ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുന്‍പില്‍ നിന്ന പിണറായി വിജയന്‍ ഇന്ന് എവിടെ?
പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഐഎമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം.' എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.