പിണറായി ഭരണഘടനയെ വെല്ലുവിളിക്കുന്നു, എല്‍ഡിഎഫിനും യുഡിഎഫിനും അധികാരക്കൊതി: ജെ പി നഡ്ഡ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 04:43 PM |
Last Updated: 03rd February 2021 04:43 PM | A+A A- |

ജെ പി നഡ്ഡ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ തത്വങ്ങള്‍ വെല്ലുവിളിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. ഭരണഘടന സ്ഥാപനമായ സിഎജിക്കെതിരായ സഭാപ്രമേയം അപകടകരമാണ്. പിഎസ്‌സി സിപിഎമ്മുകാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായി മാറി കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പുറത്തായി. ധാര്‍മ്മികമായി അധികാരത്തില്‍ തുടരാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയില്ലെന്നും ജെ പി നഡ്ഡ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. കോവിഡ് തടയുന്നതിന് പിണറായി സര്‍ക്കാരിന് വ്യക്തമായ നയമില്ല. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇരുഭാഗങ്ങളിലും അഴിമതിയാണ് നടക്കുന്നത്. അധികാര കൊതിയാണ് ഇരു മുന്നണികള്‍ക്കും. അധികാരത്തില്‍ കയറുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. കേരളത്തില്‍ ഇരുവിഭാഗങ്ങളും പരസ്പരം മത്സരിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മുന്നണിയായാണ് മത്സരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ പ്രത്യയശാസ്ത്രപരമായ പാപ്പരത്തം വ്യക്തമാണെന്നും ജെ പി നഡ്ഡ പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നുവരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. അവര്‍ ഒരു പ്രമേയവുമായി വരുന്നു എന്നാണ് പറയുന്നത്. ഇതില്‍ നിന്ന് തന്നെ ഇവരുടെ കപടത വ്യക്തമാണ്. ശബരിമല പ്രക്ഷോഭ സമയത്ത് അവര്‍ ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. സമരത്തെ പിന്നില്‍ നിന്ന് കുത്തിയവരാണ് അവരെന്നും ജെ പി നഡ്ഡ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു ദിവസത്തെ പര്യടനത്തിനാണ് ജെ പി നഡ്ഡ കേരളത്തില്‍ എത്തിയത്.