കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

കഥകളിയില്‍ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി
മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി / ഫയല്‍ ചിത്രം
മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി / ഫയല്‍ ചിത്രം

കോട്ടയം : പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. 

കഥകളിയില്‍ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി. 1940 ൽ നെടുമുടി ദാമോദരൻ നമ്പൂതിരിയുടെയും കാർത്ത്യായനി കുഞ്ഞമ്മയുടെയും മകനായി ജനിച്ചു.

വിദ്യാഭ്യാസകാലത്തു തന്നെ കഥകളിയിൽ ആകൃഷ്ടനായി. 14 ആം വയസിൽ തന്നെ കഥകളി അഭ്യസിച്ചുതുടങ്ങി. നെടുമുടി കുട്ടപ്പപണിക്കർ ആയിരുന്നു ആദ്യ ഗുരുനാഥൻ. 1957 ൽ അരങ്ങേറ്റം നടത്തി.

കേന്ദ്ര ഗവണ്മെന്റ് സീനിയർ ഫെല്ലോഷിപ്പ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, കേരള സംസ്‌ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെല്ലോഷിപ്, പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.  

1982 ൽ ഏഷ്യാഡിൽ കഥകളി അവതരിപ്പിച്ചു. ഇറ്റലി, ജർമനി, ഫ്രാൻസ്, ലണ്ടൻ എന്നീ വിദേശരാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഥകളി രംഗത്തെ മഹാപ്രതിഭ കുടമാളൂർ കരുണാകരൻ നായരുടെ മകൾ രാജേശ്വരിയാണ് ഭാര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com