ആലപ്പുഴ ബൈപ്പാസിന്റെ അടിപ്പാതയ്ക്കു മുകളിൽ വിള്ളൽ; ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു; നിരീക്ഷണത്തിൽ

അടിപ്പാതയിലെ വിള്ളല്‍ / ടെലിവിഷന്‍ ചിത്രം
അടിപ്പാതയിലെ വിള്ളല്‍ / ടെലിവിഷന്‍ ചിത്രം

ആലപ്പുഴ : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ​ഗതാ​ഗതത്തിന് തുറന്നുകൊടുത്തതിന് പിന്നാലെ ആലപ്പുഴ ബൈപ്പാസിന്റെ അടിപ്പാതയ്ക്കു മുകളിൽ വിള്ളൽ കണ്ടെത്തി. മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളിലാണ്  വിള്ളൽ കണ്ടെത്തിയത്. തുടർന്ന്   ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. 

പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. പരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധനയ്ക്ക് എത്തിയത്. ബൈപാസിനു തകരാറില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 

രണ്ടു പതിറ്റാണ്ട് മുൻപ് ബൈപാസിന്റെ ഒന്നാം ഘട്ടത്തിൽ നിർമിച്ച ഭാഗമാണിത്. മാളികമുക്കിൽ നിർമിച്ച 2 അടിപ്പാതകളിൽ വടക്കേ അടിപ്പാതയുടെ കോൺക്രീറ്റിനു താഴെയാണ് നാട്ടുകാർ വിള്ളൽ കണ്ടത്. അന്നുതന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. 

പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥർ പറഞ്ഞത്. നൂൽ പോലുള്ള വിള്ളൽ പിന്നീട് സമീപ ഭാഗങ്ങളിലും കണ്ടെത്തിയതോടെയാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്. 5 മീറ്ററോളം നീളത്തിൽ ഒറ്റ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ചെറുവിള്ളലുകൾ നാലെണ്ണമുണ്ട്. ഇപ്പോഴുള്ള വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് 2 ആഴ്ച നിരീക്ഷിക്കുമെന്ന് ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com