നിയമത്തില്‍ പ്രതിയേ ഉള്ളൂ;  ക്രിസ്ത്യന്‍ പ്രതിയോ, ഹിന്ദു പ്രതിയോ ഇല്ല : ഹൈക്കോടതി

കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി
കേരള ഹൈക്കോടതി/ഫയല്‍
കേരള ഹൈക്കോടതി/ഫയല്‍

കൊച്ചി: ക്രിമിനല്‍ നടപടി ചട്ടത്തില്‍  ഹിന്ദു പ്രതിയെന്നോ, ക്രിസ്ത്യന്‍ പ്രതിയെന്നോ ഇല്ലെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ തട്ടിക്കൊണ്ടുപോകല്‍, ഹിന്ദു തട്ടിക്കൊണ്ടുപോകല്‍ എന്നൊന്നും പറയുന്നില്ല. കേസിന് മതത്തിന്റെ നിറം നല്‍കുന്നതു തെറ്റാണെന്നും ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള ക്രൈസ്തവ സംഘടനയുടെ ഹര്‍ജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. 

ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് കേസില്‍ കക്ഷിചേരാന്‍ ഉപഹര്‍ജി നല്‍കിയത്. സഹോദരന്റെ ഹര്‍ജി നിലനില്‍ക്കെ ഇത്തരത്തിലൊരു സംഘടന കേസില്‍ കക്ഷിചേരുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞു. കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയില്‍ വിശദീകരണം നല്‍കണമെന്ന് സംഘടനയോട് കോടതി ആവശ്യപ്പെട്ടു. ജെസ്‌ന കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി.

സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ നല്‍കിയ വിശദീകരണം പരിശോധിച്ച് നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് വി ജി അരുണ്‍ ആവശ്യപ്പെട്ടത്. പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മറിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരനടക്കം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്‌ന ജെയിംസിനെ കാണാതാകുന്നത്. സംസ്ഥാന പൊലീസ് സംവിധാനത്തിന്റെ സകലശേഷിയും കേസിന്റെ അന്വേഷണത്തിന് ഉപയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സിബിഐ അന്വേഷണത്തില്‍ കേന്ദ്രത്തിന്റെ നിലപാടറിയാന്‍ ഹര്‍ജി ഫെബ്രുവരി 12ലേക്കു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com