മൂന്ന് മുന്നണികള്‍ക്കും വേണ്ടത് വിശ്വാസികളുടെ വോട്ട്;  ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; വിമര്‍ശനവുമായി എന്‍എസ്എസ്

കേന്ദ്രഭരണം കയ്യിലിരിക്കെ തന്നെ ബിജെപിക്ക് ഒരു നിയമനിര്‍മ്മാണം നടത്തിതീര്‍ക്കാവുന്ന പ്രശ്‌നം മാത്രമിയിരുന്നില്ലേ ഇത്?
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം

കോട്ടയം: ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്. നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുകയാണെന്നും എന്‍എസ്എസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

സുപ്രീം കോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടിയുള്ള പുതിയവാദഗതികളുമായി രാഷ്ട്രീയകക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത് കൗതകകരമാണ്. കേന്ദ്രഭരണം കയ്യിലിരിക്കെ തന്നെ ബിജെപിക്ക് ഒരു നിയമനിര്‍മ്മാണം നടത്തിതീര്‍ക്കാവുന്ന പ്രശ്‌നം മാത്രമിയിരുന്നില്ലേ ഇത്?. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി യുഡിഎഫിന് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാമായിരുന്നു. അതിന് പകരം അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്തുമെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?. വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കാമായിരുന്നെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
 

സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന്റെ വിധി നടപ്പായാല്‍, അത് ശബരിമലയില്‍ മാത്രമല്ല, സംസ്ഥാനത്തുള്ള മുഴുവന്‍ ഹൈന്ദവക്ഷേത്രങ്ങളിലെയും നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന വിവിധങ്ങളായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. മറ്റു മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കെന്നപോലെയുള്ള വിശ്വാസസംരക്ഷണം ഹൈന്ദവക്ഷേത്രങ്ങള്‍ക്കും ഉണ്ടാകേണ്ടത് അനിവാര്യമാണ്. എന്‍.എസ്.എസ്സിന്റെ പ്രഖ്യാപിതനയം ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണെന്നും ജി.സുകുമാരന്‍നായര്‍ വ്യക്തമാക്കി.

ശബരിമലക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനും അതിന് നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തുന്നതിനും വേണ്ടി ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍തന്നെ, നൂറ്റാണ്ടുകളായി ശബരിമലക്ഷേത്രത്തില്‍ നിലനിന്നുവരുന്ന കീഴ്വഴക്കങ്ങള്‍ കോടതിയെ ബോധിപ്പിക്കുന്നതിനു വേണ്ടി നായര്‍ സര്‍വീസ് സൊസൈറ്റി കേസില്‍ കക്ഷിചേര്‍ന്നതാണ്. 

ഭരണഘടനാബഞ്ചിലെ ഏക വനിതാഅംഗത്തിന്റെ വിയോജനക്കുറിപ്പോടുകൂടി, ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതിയുടെ വിധി ഉണ്ടായി. അപ്പോള്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്കുവേണ്ടി മുന്‍ അറ്റോര്‍ണി ജനറലും സീനിയര്‍ അഭിഭാഷകനുമായ കെ. പരാശരന്‍ മുഖേന പുനഃപരിശോധനാഹര്‍ജി ഫയല്‍ ചെയ്തു. അതേസമയം സംസ്ഥാനസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിധി നടപ്പാക്കാന്‍ തിടുക്കത്തില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ഭരണഘടനാബഞ്ച്, തുറന്ന കോടതിയില്‍ വാദംകേള്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ സീനിയര്‍ അഭിഭാഷകന്‍  കെ.പരാശരന്‍തന്നെയാണ് എന്‍.എസ്.എസ്സിനു വേണ്ടി  കോടതിയില്‍ ഹാജരായത്. തുടര്‍ന്ന്, അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ തീരുമാനപ്രകാരം പ്രസ്തുത കേസ് ഒന്‍പതംഗ ബഞ്ചിലേക്ക് വിട്ട് സുപ്രീംകോടതി വിധി ഉണ്ടായി. കേസ് ഇപ്പോള്‍ ഒന്‍പതംഗബഞ്ചിന്റെ പരിഗണനയിലാണ്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയുള്ള ഉറച്ച നിലപാടിലാണ് എന്‍.എസ്.എസ്. ഇപ്പോഴും നിലകൊള്ളുന്നത്. അന്തിമഫലം വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നുതന്നെയാണ് കരുതുന്നതെന്നും എന്‍എസ്എസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com