വാട്ടര്‍ മെട്രോ ഉദ്ഘാടനം 15 ന് ; ആദ്യഘട്ട സര്‍വീസ് വൈറ്റില മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ ; പനംകുറ്റി പാലവും തുറക്കും

വാട്ടര്‍ മെട്രോയുടെ വൈറ്റില മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള റൂട്ടാണ് ഉദ്ഘാടനം ചെയ്യുക
വാട്ടര്‍ മെട്രോ / ഫെയ്‌സ്ബുക്ക്‌
വാട്ടര്‍ മെട്രോ / ഫെയ്‌സ്ബുക്ക്‌

കൊച്ചി : കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. വാട്ടര്‍ മെട്രോയുടെ വൈറ്റില മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള റൂട്ടാണ് ഉദ്ഘാടനം ചെയ്യുക. 

വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ ബോട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും സര്‍വീസ് ആരംഭിക്കാനുള്ള അനുമതി വൈകുകയാണ്. ഇതിനാല്‍ ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് ആരംഭിക്കില്ല. സര്‍വീസ് ആരംഭിക്കുന്ന തീയതി ഉദ്ഗാടന ദിവസം പ്രഖ്യാപിക്കും. 

പേട്ടയില്‍ പണി പൂര്‍ത്തിയായ പനംകുറ്റി പാലം, കൊച്ചി നഗരത്തിലെ കനാല്‍ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. പേട്ട എസ് എന്‍ ജംഗ്ഷന്‍ നിര്‍മാണത്തിന്റെ ഭാഗമായാണ് പനംകുറ്റി പാലം പൂര്‍ത്തിയായത്. കെഎംആര്‍എല്ലാണ് പാലം നിര്‍മ്മിച്ചത്. നിശ്ചയിച്ചതിനും വളരെ നേരത്തെ പാലം പണി പൂര്‍ത്തീകരിക്കുകയായിരുന്നു. 

തേവര- പേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെ നഗരത്തിലെ കനാലുകള്‍ പുനരുദ്ധരിച്ച് ഗതാഗത യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1500 കോടി രൂപ ചെലവഴിച്ചു സംയോജിത നഗര നവീകരണ, ജലഗതാഗത പദ്ധതിയില്‍പ്പെടുത്തിയാണ് കനാലുകള്‍ നവീകരിക്കുന്നത്. ഇതിന്റെ നിര്‍മ്മാമോദ്ഘാടനമാണ് നടക്കുന്നത്. 

ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനാകും. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ജി സുധാകരന്‍, ടിപി രാമകൃഷ്ണന്‍ എന്നിവരും ജര്‍മ്മന്‍ അംബാസഡറും ചടങ്ങില്‍ പങ്കെടുക്കും. ജര്‍മ്മന്‍ വികസന ബാങ്കാണ് വാട്ടര്‍ മെട്രോയ്ക്ക് വായ്പ നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com