എന്‍സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പം; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ: മാണി സി കാപ്പന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 08:04 AM |
Last Updated: 14th February 2021 08:04 AM | A+A A- |
മാണി സി കാപ്പന്‍ /ഫയല്‍ ചിത്രം
കോട്ടയം: പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പന്‍. പാര്‍ട്ടി പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാവും. എന്‍സിപി കേന്ദ്ര നേതൃത്വം ഇടത് മുന്നണിക്കൊപ്പമാണെന്നും, തനിക്കൊപ്പമുള്ളവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഇന്ന് രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ സ്ഥാനം രാജിവെക്കില്ല. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലായി സര്‍ക്കാര്‍ നല്‍കിയ സ്ഥാനങ്ങള്‍ രാജി വെക്കും. കൂടുതല്‍ നേതാക്കള്‍ തനിക്കൊപ്പമുണ്ട്. ആരുടെ ഭാഗത്ത് നിന്നാണ് ചതിയുണ്ടായത് എന്ന് ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി വളരരുത് എന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
മന്ത്രി എം എം മണി വാ പോയ കോടാലിയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് മുന്നണിയില്‍ തുടരാനുള്ള ദേശിയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയില്ല. മൂന്ന് സീറ്റുകള്‍ എന്ന ആവശ്യത്തില്‍ യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്നും മാണി സി കാപ്പന്‍ പറഞ്ഞു.