സ്ഥിരപ്പെടുത്തലില്‍ പുനഃപരിശോധന ; പിഎസ് സിക്ക് വിട്ട തസ്തികകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 11:48 AM |
Last Updated: 15th February 2021 11:49 AM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പിഎസ് സിക്ക് വിട്ട തസ്തികകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന സമരക്കാരുടെ ആവശ്യവും മന്ത്രിസഭായോഗം പരിഗണിച്ചില്ല.
നിര്‍മിതി കേന്ദ്രത്തില്‍ 16 പേരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥിരപ്പെടുത്തുന്നത്. തുടര്‍നടപടിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടൂറിസം വകുപ്പിലും സ്ഥിരപ്പെടുത്തലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 90 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ വകുപ്പുകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്, ചട്ടങ്ങള്‍ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.സ്ഥിരപ്പെടുത്താനുള്ള അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നേരത്തെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ ആറുമാസം നീട്ടിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ട നിലപാട്. ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകള്‍ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പരിഗണിക്കാനായി മാറ്റി.