വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ പൊലീസ് എന്തു ചെയ്യണം?; വിശദീകരണവുമായി മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 05:20 PM |
Last Updated: 18th February 2021 05:20 PM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് അനുസരിച്ചാണ് അക്രമം നടത്തിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചു. സ്വാഭാവികമായി പൊലീസുകാര്‍ പ്രതികരിച്ചു. എങ്കിലും പ്രശ്‌നം വഷളാവാതിരിക്കാന്‍ പൊലീസ് സംയമനം പാലിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതി അനുസരിച്ച് നിര്‍മ്മിച്ച 1000 റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ നടത്തുന്ന വികസന, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സാമൂഹ്യവിരുദ്ധ രീതിയിലേക്ക് പ്രക്ഷോഭത്തെ മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഇതിന്റെ പ്രത്യക്ഷമായ ഒരു ഉദാഹരണമാണ് കണ്ടത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. വലിയ ആക്രമണമാണ് പ്ലാന്‍ ചെയ്തത്. പ്രധാനപ്പെട്ട ഒരു നേതാവ് ഉദ്ഘാടനം ചെയ്യുന്നു.ഉദ്ഘാടനം ചെയ്തത് ആക്രമണം നടത്താനുള്ള അനുമതിയായാണ് അനുയായികള്‍ കണ്ടത്. പ്ലാന്‍ ചെയ്തത്് അനുസരിച്ച് ആക്രമണം നടത്തുന്നതാണ് തിരുവനന്തപുരത്ത് കണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാരെ അവര്‍ ആക്രമിച്ചു. പൊലീസുകാര്‍ എന്തു തെറ്റാണ് ചെയ്തത്?. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് കണ്ടത്. സെക്രട്ടേറിയറ്റ് നടയില്‍ ചിലരുടെ അഴിഞ്ഞാട്ടമാണ് നടന്നത്. വളഞ്ഞിട്ട് തല്ലുമ്പോള്‍ സ്വാഭാവികമായി പൊലീസുകാര്‍ അതിന് എതിരെ പ്രതികരിക്കും. ഇത്് വലിയ പ്രശ്‌നമായി മാറ്റാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ അനിതര സാധാരണമായ ആത്മസംയമനം പാലിച്ച് പ്രശ്‌നം വഷളാവാതെ പൊലീസ് നോക്കി. സഹപ്രവര്‍ത്തകനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി. നിലത്തുവീണു. എന്നിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. അപ്പോഴും സംയമനത്തോടെയാണ് പൊലീസ് പെരുമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ജനങ്ങളുടെ മനസ് കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.