സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ വില തേടി ഹര്‍ജി; തഹസില്‍ദാരുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th February 2021 07:16 AM |
Last Updated: 19th February 2021 08:47 AM | A+A A- |

പ്രതീകാത്മക ചിത്രം
ചേർത്തല: തഹസിൽദാരുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവിനെ തുടർന്ന് നടപടി. സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ വില ലഭിക്കാൻ മാരാരിക്കുളം വടക്ക് മണിമന്ദിരത്തിൽ സുബ്രഹ്മണ്യ കുറുപ്പ് നൽകിയ ഹർജ്ജിയിലാണ് തഹസിൽദാരുടെ വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ് വന്നത്.
8.13 ലക്ഷം രൂപ ഈടാക്കാനാണ് കോടതി ഉത്തരവ്. ഇതു പ്രകാരം പത്ത് ലക്ഷം മതിപ്പുവിലയുള്ള ജീപ്പാണ് ജപ്തിചെയ്യുന്നത്. 17ന് ജപ്തിക്കായി കോടതി ജീവനക്കാർ താലൂക്ക് ഓഫീസിലെത്തിയെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നടന്നില്ല. അടുത്ത ദിവസം തന്നെ വീണ്ടും ഓഫീസിലെത്തി നടപടി പൂർത്തിയാക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസവും ഇതേ പോലെ മറ്റൊരു കേസിൽ താലൂക്ക് ഓഫീസിലെ ഉപകരണങ്ങൾ ജപ്തിചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. നടപടി കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിനാൽ ജപ്തി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ കളക്ടർ ബന്ധപെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.