ഇനി പഠിക്കാം 'സ്മാര്‍ട്ടായി' ; ലാപ്‌ടോപ് വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക് ; വിദ്യാശ്രീ പദ്ധതി ഉദ്ഘാടനം ഇന്ന്
By സമകാലികമലയാളം ഡെസ്‌ക് | Published: 19th February 2021 07:00 AM |
Last Updated: 19th February 2021 07:00 AM | A+A A- |
ഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന പദ്ധതി ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 14 ജില്ലയിലായി 200 പേര്‍ക്ക് ഉദ്ഘാടന ദിവസം ലാപ്‌ടോപ് നല്‍കും.
അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ലാപ്‌ടോപ് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ കൊക്കോണിക്‌സാണ് വിതരണം ചെയ്യുക. കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
മാസം 500 രൂപ വീതം 30 മാസം പണം അടയ്ക്കണം. മാസത്തവണ മുടങ്ങാതെ അടയ്ക്കുന്നവര്‍ക്ക് ഇളവും ലഭിക്കും. ആദ്യ മൂന്നുമാസം പണമടച്ചാല്‍ ലാപ്‌ടോപ് ലഭിക്കും. 1,44,000 പേരാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്. ഇതില്‍ 1,23,000 പേര്‍ ലാപ്‌ടോപ് വാങ്ങാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.
18,000 രൂപ വരെയാണ് ലാപ്‌ടോപ്പിന്റെ വില. കൊക്കോണിക്‌സാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലാപ്‌ടോപ് നല്‍കുന്നത്- 14,990 രൂപ. ലെനോവ (18,000 രൂപ), എച്ച്പി (17,990), ഏസര്‍ (17,883) എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുമുണ്ട്. 15,000ല്‍ കൂടുതലുള്ളവയ്ക്ക് അധികതുക ഗുണഭോക്താവ് അടയ്ക്കണം. മൂന്നു വര്‍ഷത്തെ വാറന്റിയും ലഭിക്കും.