സമരക്കാരുമായി ചര്‍ച്ച വൈകീട്ട് നാലരയ്ക്ക് ; ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും പങ്കെടുക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 01:56 PM |
Last Updated: 20th February 2021 01:56 PM | A+A A- |
തിരുവനന്തപുരം : നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഇന്ന് തന്നെ ചര്‍ച്ച നടത്തും. വൈകീട്ട് നാലരയ്ക്കാണ് ചര്‍ച്ച. ആഭ്യന്തര സെക്രട്ടറി ടി കെ ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. ലാസ്റ്റ്‌ഗ്രേഡ്, സിപിഒ റാങ്ക് ലിസ്റ്റിലുള്ള സമരക്കാരുമായാണ് ചര്‍ച്ച നടത്തുക.
ഇരു ലിസ്റ്റിലുമുള്ള മൂന്നു പേരോട് വീതം ചര്‍ച്ചയ്ക്ക് എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ലയ രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകള്‍ സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും, നിയമന നില കൂട്ടാനുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലയ രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ സമരക്കാരുമായി ഒരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. പ്രതിപക്ഷം സമരം മുതലെടുക്കുന്നത് തടയണം. ചര്‍ച്ച നടത്തി കാര്യങ്ങള്‍ സമരക്കാരോട് വിശദീകരിക്കാനും സിപിഎം നേതൃയോഗം നിര്‍ദേശം നല്‍കുകയായിരുന്നു.