യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നില്‍ സദാചാരഗുണ്ടായിസം; ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിത ബന്ധം ആരോപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 08:26 AM |
Last Updated: 20th February 2021 08:26 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തതിലേക്ക് നയിച്ചത് സദാചാര ഗുണ്ടായിസമെന്ന് സൂചന.
നെയ്യാറ്റിൻകര കുന്നത്തുകാലിൽ അക്ഷര(38) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സദാചാര ഗുണ്ടായിസം ആരോപിച്ച് അക്ഷരയുടെ ഭർത്താവ് സുരേഷ് രംഗത്തെത്തി.
ഭർത്താവിനെ കാണാൻ ഇവരുടെ വീട്ടിലെത്തിയ സുഹൃത്തിനെ ഒരു സംഘം തടഞ്ഞ് വെച്ച് മർദിക്കുകയും, അക്ഷരയുമായി അവിഹിത ബന്ധം ആരോപിക്കുകയും ചെയ്തു. സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായാണ് തന്നെ കാണാനെത്തിയ സുഹൃത്തിനെ ഒരു സംഘം മർദിച്ചതെന്നും, അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ഇവർ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും സുരേഷ് പറയുന്നു.
തന്റെ സുഹൃത്തിനെ അവർ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. അക്ഷരയെ അസഭ്യം പറഞ്ഞു. സുഹൃത്തും അക്ഷരയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആയിരുന്നു സംഘത്തിന്റെ ആക്ഷേപം. അക്ഷരക്കൊപ്പമാണ് സുഹൃത്തിന്റെ ഭാര്യ പഠിച്ചത്. ഇത്തരത്തിലുള്ള പരിചയം മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും സുരേഷ് പറയുന്നു. അതേസമയം അക്ഷരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട പോലീസ് നാലു പേർക്കെതിരെ കേസെടുത്തിരുന്നു. സുഹൃത്തിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും അക്ഷരയെ അധിക്ഷേപിക്കുകയും ചെയ്ത നാലു പേർക്കെതിരെയാണ് കേസ്.