ഒരു ദിവസം അവധി എടുത്തു, അങ്കണവാടി ജീവനക്കാരിക്ക് സസ്പെന്ഷന്
By സമകാലിക മലയാളം ഡെസ്ക് | Published: 20th February 2021 09:20 AM |
Last Updated: 20th February 2021 09:20 AM | A+A A- |

പ്രതീകാത്മക ചിത്രം/ഫോട്ടോ: ദി ന്യു ഇന്ത്യന്‍ എക്സ്പ്രസ്
കരുമാല്ലൂർ: ഒരു ദിവസം ലീവ് എടുത്തതിന് അങ്കണവാടി ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ഒരുവർഷത്തോളമായി ഹെൽപറില്ലാതെ പ്രവർത്തിക്കുന്ന അംഗൻവാടിയിൽ നിന്ന് വർക്കർ ഒരു ദിവസം ലീവെടുത്തതോടെയാണ് പഞ്ചായത്ത് പ്രസിഡൻറ് സസ്പെൻഡ് ചെയ്തതെന്ന ആരോപണം ഉയർന്നു.
കരുമാല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ 126ാം നമ്പർ അങ്കണവാടി വർക്കർ ഇ ആർ ബിന്ദുവിനെയാണ് പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു സസ്പെൻഡ് ചെയ്തത്. ജനുവരി 27നാണ് ഇവർ അവധിയെടുത്തത്. പകരം ചുമതല ഒരു എഎൽഎംഎസ്സി അംഗത്തെ ഏൽപിച്ചു. അവർ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ തൊട്ടടുത്ത സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് ചില സിപിഎം പ്രവർത്തകർ അംഗൻവാടിയുടെ വാതിൽ തള്ളിത്തുറന്ന് എത്തുകയും, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
ഇതിന് എതിരെ ആലുവ വെസ്റ്റ് പൊലീസിൽ വർക്കർ പരാതി നൽകി. സംഭവമറിഞ്ഞ് അംഗൻവാടിയിലെത്തിയ പ്രസിഡൻറ് വാർഡ് മെംബറെപ്പോലും അറിയിക്കാതെ അന്വേഷണം നടത്തിയത് രാഷ്ട്രീയവൈരാഗ്യം തീർക്കുന്നതിന് വേണ്ടിയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.പഞ്ചായത്ത് കമ്മിറ്റി തീരുമാനം മറികടന്നാണ് നടപടിയെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ ഭരണസമിതിക്കെതിരെ രംഗത്തുവന്നു.